വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം. പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതായി അദ്ദേഹത്തിന്റെ ഡോക്ടർ ശനിയാഴ്ച അറിയിച്ചു. രോഗത്തിന്റെ വ്യാപനം തടയാൻ ബ്രിട്ടൻ, അയർലാൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിലക്കും അദ്ദേഹം നീട്ടി.
ബ്രീഫിംഗ് റൂമിലേക്ക് വരുന്ന മാധ്യമ പ്രവർത്തകരുടെ ശരീര താപനില പരിശോധിക്കുന്ന അപ്രതീക്ഷിത നടപടി വൈറ്റ് ഹൗസ് അധികൃതർ ആരംഭിച്ചിരുന്നു. ഇതിനിടെ താൻ വെള്ളിയാഴ്ച പരിശോധന നടത്തിയെന്ന് ട്രംപ് അറിയിച്ചു. ശനിയാഴ്ച അദ്ദേഹത്തിന്റെ ഡോക്ടർ സീൻ കോൺലേ ആണ് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ചത്.
കഴിഞ്ഞയാഴ്ച ട്രംപ് ബ്രസീലിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരിലൊരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ട്രംപും പരിശോധനയ്ക്ക് വിധേയനായത്.
അമേരിക്കക്കാർ അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര യാത്രാ നിയന്ത്രണങ്ങളും പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിൽ 2,226 പേരിലാണ് രോഗ ബാധസ്ഥിരീകരിച്ചിരിക്കുന്നത്.