gnn24x7

തുണികൊണ്ടുള്ള മുഖാവരണം സൗജന്യമായി വിതരണം ചെയ്ത് മാതൃകയായി കൊല്ലത്തെ തയ്യൽ തൊഴിലാളി ജോയി ഫിലിപ്പ്

0
382
gnn24x7

കൊല്ലം: തുണികൊണ്ടുള്ള മുഖാവരണം സൗജന്യമായി വിതരണം ചെയ്ത് കൊല്ലത്തെ തയ്യൽ തൊഴിലാളി. കടകളിൽ സാധാരണ മാസ്കുകൾ പോലും ലഭിക്കാതായതോടെയാണ് ജോയി ഫിലിപ്പ് എന്ന തയ്യൽ തൊഴിലാളി മാസ്ക്കുകൾ സൗജന്യമായി വിതരണം ചെയ്തത്.

പ്രതിരോധ മാർഗം എന്ന നിലയിൽ തൂവാലയോ തുണിയോ കൊണ്ടുള്ള മുഖാവരണം ഉപയോഗിക്കാമെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുമ്പോൾ ഏറെ മാതൃകാപരമാവുകയാണ് ജോയി ഫിലിപ്പിൻ്റെ പ്രവൃത്തി.

കൊല്ലം കളക്ടറേറ്റിനു സമീപം എത്തിക്സ് എന്ന തുന്നൽ കടയിലെത്തിയാൽ  കോട്ടൺ തുണികൊണ്ടുള്ള മുഖാവരണം ലഭിക്കും. എൻ 95, സർജിക്കൽ മാസ്കുകൾ, ടു, ത്രീ, ഫോർപ്ലേ മാസ്കുകൾ തുടങ്ങിയവ വിപണിയിൽ കിട്ടുക പ്രയാസമാണ്.

എന്നാൽ തൂവാല, കോട്ടൺ തുണി എന്നിവ ഉപയോഗിച്ചുള്ള മുഖാവരണങ്ങൾ ഒരു പരിധി വരെ പ്രതിരോധ രീതിയായി അവലംബിക്കാം. തയ്യൽ കടയിലെത്തുന്നവർ മാസ്ക് ക്ഷാമത്തെക്കുറിച്ച് പറഞ്ഞതു മുതലാണ് ഇത്തരമൊരു പ്രവർത്തനത്തക്കുറിച്ച് ജോയി ഗൗരവമായി ചിന്തിച്ചത്.

“ജീവിച്ചിരിക്കുമ്പോൾ നന്മയുള്ള കാര്യങ്ങൾ ചെയ്യണം. നമ്മൾ നമുക്കാവും വിധം സമൂഹത്തെ സഹായിക്കുകയെന്നത് കടമയും മനസ്സിന് സന്തോഷവും നൽകുന്ന കാര്യമാണ്. സ്വന്തമായി തുണിയെടുത്താണ് മാസ്കുകൾ സൗജന്യമായി നൽകുന്നത്. ഇതിനകം അഞ്ഞൂറ് മുഖാവരണങ്ങൾ വിതരണം ചെയ്തു”- ജോയി ഫിലിപ്പ് പറഞ്ഞു.

“അടുത്ത ദിവസം ഇരുനൂറെണ്ണം കൂടി ഒരു സംഘടനയുടെ നേതൃത്വത്തിൽ സൗജന്യമായി നൽകുന്നുണ്ട്.  സാമ്പത്തിക ചെലവ് വരുമെങ്കിലും ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കുന്നില്ല” – ജോയി ഫിലിപ്പ് പറയുന്നു.

രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം മാസ്കുകൾ ധരിച്ചാൽ മതിയെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. എന്നാൽ പൊതുയിടങ്ങളിൽ പ്രതിരോധ മാർഗം എന്ന നിലയ്ക്ക് തുണികൊണ്ടുള്ള മുഖാവരണങ്ങൾ ഉപയോഗിക്കാമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വസന്തദാസ് വ്യക്തമാക്കി.

ജോയിയും മറ്റ് മൂന്ന് വനിതാ തൊഴിലാളികളും ചേർന്നാണ് മുഖാവരണങ്ങൾ നിർമിച്ചു നൽകുന്നത്. കടയിലെ തിരക്കുകൾക്കിടയിലും മാസ്ക് നിർമാണത്തിന് ഇവർ സമയം കണ്ടെത്തുന്നു. 40 വർഷമായി തുന്നൽമേഖലയിൽ പ്രവർത്തിക്കുകയാണ് എത്തിക്സിന്റെ ഉടമ ജോയി ഫിലിപ്പ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here