കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. പെരിങ്ങോത്ത് സ്വദേശിക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്നാം പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.
മുന്‍കരുതലായി രണ്ടാഴ്ച കൂടി ഇയാളോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗമുണ്ടെന്ന് സംശയിച്ചിരുന്ന ഇദ്ദേഹം നേരിട്ട് ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങളുമില്ല.
അതേസമയം, മാഹിയിലെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. രോഗി എത്തിയ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.
രോഗി തലശ്ശേരിയിലെത്തിയത് കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം. മാര്‍ച്ച് 13നാണ് രോഗിയെ മാഹി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചത്.
എന്നാല്‍ ഇവര്‍ ബീച്ചാശുപത്രിയില്‍ അഡ്മിറ്റാകാന്‍ വിസമ്മതിച്ച് ബഹളമുണ്ടാക്കി തിരിച്ചുപോവുകയായിരുന്നു. ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനിലും യാത്ര ചെയ്യുകയായിരുന്നു. കോഴിക്കോട് മുതല്‍ തലശ്ശേരി വരെയാണ് അവര്‍ ട്രെയിനില്‍ യാത്ര ചെയ്തത്.
സംഭവം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അവരെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചത്.
യുഎ.ഇയില്‍ നിന്നും മടങ്ങിയെത്തിയ 68 കാരിക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്കു മുമ്പാണ് സ്ത്രീ യു.എ.ഇയില്‍ ഉംറ കഴിഞ്ഞെത്തിയത്.










































