ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊറട്ടോറിയം നടപടി നേരിട്ട സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ പ്രവർത്തനങ്ങൾ ഇന്നുമുതൽ പുനഃരാരംഭിക്കും. മാർച്ച് 18ന് വൈകുന്നേരം ആറുമണി മുതലാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുക. മൊറട്ടോറിയത്തിനു മുമ്പുള്ള എല്ലാ സേവനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് യെസ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
സാമ്പത്തിക തിരിമറികളും തുടർന്നുണ്ടായ പ്രതിസന്ധികളെ തുടർന്നുമാണ് യെസ് ബാങ്കിന് റിസർവ് ബാങ്കിന്റെ മൊറട്ടോറിയം നേരിടേണ്ടി വന്നത്. യെസ് ബാങ്കിന്റെ എടിഎമ്മുകളിലും ബ്രാഞ്ചുകളിലും ആവശ്യമായ പണംഎത്തിക്കുമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
അതേസമയം, ഉപഭോക്താക്കളുടെ വലിയ പിന്തുണയാണ് പ്രതിസന്ധിഘട്ടത്തിൽ ബാങ്കിന് ലഭിച്ചതെന്ന് പ്രശാന്ത്
വ്യക്തമാക്കി. മൂന്നിലൊന്ന് ഉപഭോക്താക്കൾ മാത്രമാണ് 50, 000 രൂപ വരെയുള്ള നിക്ഷേപങ്ങൾ പിൻവലിച്ചത്. മാർച്ച് 26ന് പുതിയ ഡയറക്ടർ ബോർഡ് ചുമതലയേൽക്കും. മൊറട്ടോറിയം ഏർപ്പെടുത്തിയതിനെ തുടർന്ന് പിൻവലിക്കാവുന്ന
പരമാവധി തുക 50,000 രൂപയായി റിസർവ് ബാങ്ക് നിജപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണവും ഇന്ന്
വൈകുന്നേരത്തോടെ ഒഴിവാകും.
യെസ് ബാങ്കിന് എല്ലാവിധ പിന്തുണയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ 7, 250 കോടി രൂപയ്ക്ക് എസ് ബി ഐ വാങ്ങും. മൂന്നു വർഷത്തേക്ക് യെസ് ബാങ്കിന്റെ ഓഹരിക വിറ്റഴിക്കില്ലെന്നും എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.




































