ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ഒമര്‍ അബ്ദുള്ളയെ വിട്ടയാക്കാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
‘ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടെങ്കില്‍ അത് എത്രയും പെട്ടന്ന് ചെയ്യണം. അല്ലാത്തപക്ഷം കോടതി അദ്ദേഹത്തിന്റെ സഹോദരിയുടെ വാദം പരിഗണിക്കും’, കോടതി പറഞ്ഞു.
ഒമര്‍ അബ്ദുള്ളയുടെ പിതാവും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്.
അതേസമയം ഒമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ നീളുകയാണ്. ഇരുവരും ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്.
ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.




































