നൗഷാദിനെ ഓർമ്മയില്ലേ? പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായം നൽകാൻ നാട് മടിച്ചു നിന്നപ്പോൾ, തൻ്റെ കട തുറന്ന് കൊടുത്ത് മുഴുവൻ വസ്ത്രങ്ങളും എടുത്തുകൊള്ളാൻ പറഞ്ഞ നൗഷാദ്. മലയാളിക്കു മുന്നിൽ മനസാക്ഷിയുടെ വാതിൽ മലർക്കെ തുറന്നിട്ട് മാതൃകയായ നൗഷാദ് ഈ കൊറോണ കാലത്തും എത്തി.
ഇത്തവണ തെരുവിൽ വിശക്കുന്നവർക്ക് ഭക്ഷണവുമായാണ് അദ്ദേഹം കൊച്ചി നഗരത്തിൽ എത്തിയത്. സുഹൃത്തിൻ്റെ വാഹനത്തിൽ പൊതിച്ചോറുമായെത്തി നൂറോളം പേരുടെ വിശപ്പടക്കി. ഇനിയുള്ള ദിവസങ്ങളിലും എറണാകുളം ബ്രോഡ് വേ തെരുവിലെ ഈ കച്ചവടക്കാരൻ വിശക്കുന്നവരെ തേടിയെത്തും.
പ്രളയത്തിൽ സഹായവും തേടി എത്തിയ സന്നദ്ധ പ്രവർത്തകർക്ക് മുന്നിലാണ് നൗഷാദിക്ക തൻ്റെ കട തുറന്നുകൊടുത്തത്.
നൗഷാദിൻ്റെ വലിയ മനസ് മലയാളിക്ക് മാതൃകയായി. പിന്നെ നാടിൻ്റെ പല ഭാഗത്തുനിന്ന് സഹായ പ്രവാഹമായി. തൻ്റെ കടയിലെ വസ്ത്രങ്ങളെല്ലാം നൽകിയ നൗഷാദിനെ സഹായിക്കാനും നൂറുകണക്കിന് ആളുകൾ രംഗത്തെത്തി. പിന്നീട് നൗഷാദ് തുടങ്ങിയ പുതിയ കടയിലെ വസ്ത്രങ്ങൾ മുഴുവൻ വാങ്ങാനും ആളുകളെത്തി. ദുരന്തമുഖത്ത് സഹായവുമായി എത്തുന്ന മനസ് ഇപ്പോഴും നൗഷാദിന് നഷ്ടമായിട്ടില്ല.