ലോകമെമ്പാടുമുള്ള സീരിസ് പ്രേമികളെ ആവേശത്തിലാക്കി മണിഹീസ്റ്റ് നാലാം സീസണ്‍ റിലീസ് ചെയ്തു. കൊറോണ ലോക്ക് ഡൗണില്‍ കഴിയുന്ന ഇന്ത്യയിലും മണിഹീസ്റ്റീന് നിരവധി ആരാധകരാണ് ഉള്ളത്.
സീരിസ് റിലീസ് ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ മണിഹീസ്റ്റ് ഹാഷ് ടാഗ് ട്രെന്റിംഗിലാണ്. ഒരു സ്പാനിഷ് സീരിസായ മണിഹീസ്റ്റ് 2017 ലാണ് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. ‘ല കാസ ദെ പാപ്പെല്‍’ എന്നാണ് ഈ സീരിസിന്റെ സ്പാനിഷ് പേര്. ദ ഹൗസ് ഓഫ് പേപ്പര്‍ എന്നാണ് ഈ സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം.
അലെക്സ് പീന്യ ആണ് ഈ സീരിസിന്റെ സംവിധാനം സ്പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ഒരുക്കിയത്. പിന്നീട് നെറ്റ് ഫ്ലിക്സ് ഈ സീരിസ് ഏറ്റെടുക്കുകയായിരുന്നു.
ചാനലില്‍ 15 എപ്പിസോഡുകളായി കാണിച്ചിരുന്ന ഈ സീരിസ് നെറ്റ്ഫിലിക്സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയും ആദ്യ സീസണ്‍ 13 എപ്പിസോഡായും രണ്ടാമത്തെ സീസണ്‍ 9 എപിസോഡായും ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
മൂന്നാമത്തെ സീസണ്‍ 8 എപ്പിസോഡുകളായി നെറ്റഫ്ളിക്സ് ഒറിജിനല്‍ സീരിസായി കഴിഞ്ഞ വര്‍ഷം ജൂലായില്‍ സംപ്രേക്ഷണം ചെയ്തു. നാലാമത്തെ സീസണാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.
സീരിസിലെ ബെല്ല ചാവോ എന്ന ഇറ്റാലിയന്‍ നാടോടിപ്പാട്ടിന് നിരവധി ആരാധകരാണ് ഉള്ളത്. നേരത്തെ കൊവിഡിനെ തുടര്‍ന്ന് വീടുകളില് ക്വാറന്റീനില്‍ ആയ ആളുകള്‍ മട്ടുപാവില്‍ നിന്ന് ബെല്ല ചാവോ ആലപിക്കുന്നു വീഡിയോകള്‍ പുറത്തുവന്നിരുന്നു.
‘ബെല്ല ചാവോ’ എന്നാല്‍ ഗുഡ്ബായ് ബ്യൂട്ടീഫുള്‍ എന്നാണ് ഇംഗ്ലിഷില്‍ അര്‍ത്ഥം. പാടത്ത് പണിയെടുത്തിരുന്ന സ്ത്രീകള്‍ നേരംപോക്കിനായി പാടി തുടങ്ങിയ ഈ വാമൊഴിപ്പാട്ട് ഇറ്റലിയിലെ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളുടെ മുഖമുദ്രയായി മാറുകയായിരുന്നു. പിന്നീട് ഇത് ലോകമെമ്പാടുമുള്ള സ്വാതന്ത്രസമരങ്ങളുടെ വായ്ത്താരിയായി മാറി.
പലപ്പോഴായി ചില കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും വന്ന ഈ ‘ബെല്ല ചാവോ’യുടെ ഏറ്റവും പുതിയ വേര്‍ഷനാണ് ‘മണി ഹീയ്സ്റ്റി’ല്‍ കഥാപാത്രങ്ങള്‍ പാടുന്നത്.