ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ടാണ് മരിച്ചത്. 51 വയസ്സുള്ള ഇദ്ദേഹം ന്യൂയോര്‍ക്ക് സബ് വേ മെട്രോ പൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയിലെ ജീവനക്കാരനായിരുന്നു.
അതേസമയം അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വൈറസിന്റെ വ്യാപനം തടയാന്‍ ഇനിയും സമയം ആവശ്യമാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞു.
അമേരിക്കയില്‍ ഇത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ച ആയിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
‘നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇനിയും നിരവധി മരണങ്ങളുണ്ടാവും. ഇത് ഒരുപക്ഷെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ആഴ്ചയായിരിക്കും,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ന്യൂയോര്‍ക്കിലാണ്. ഒരു ലക്ഷത്തിലധികം കേസുകളാണ് ന്യൂയോര്‍ക്കില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
8000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 60,000 കടന്നതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട വിവരങ്ങളില്‍ വ്യക്തമാക്കുന്നു.






































