ന്യൂയോര്‍ക്ക് സിറ്റി: കൊവിഡ്-19 പടര്‍ന്നുപിടിച്ച ന്യൂയോര്‍ക്കില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. ശനിയാഴ്ച മാത്രം 630 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3565 ആയി. ഇതിനു തൊട്ടുമുമ്പത്തെ ദിവസം മരണസംഖ്യ 2935 ആയിരുന്നു. ന്യൂയോര്‍ക്കില്‍ ആകെ 113704 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 63306 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നു മാത്രമാണ്.
അടുത്ത 4 ദിവസത്തിനും 14 ദിവസത്തിനുമിടയ്ക്ക് കൊവിഡ് വ്യാപനം രൂക്ഷമാവുമെന്നാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമൊ പറഞ്ഞത്. ഒപ്പം രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ഉപകരണങ്ങളും ആരോഗ്യപ്രവര്‍ത്തകരെയും കൂടുതല്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്ക് പുറത്തു നിന്നുള്‍പ്പെടെ ന്യൂയോര്‍ക്കിന് നിലവില്‍ വെന്റിലേറ്ററുകള്‍ ലഭിക്കുന്നുണ്ട്.
ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഒരു മലയാളി കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ടാണ് മരിച്ചത്. 51 വയസ്സുള്ള ഇദ്ദേഹം ന്യൂയോര്‍ക്ക് സബ് വേ മെട്രോ പൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയിലെ ജീവനക്കാരനായിരുന്നു. അതേസമയം അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.
അമേരിക്കയില്‍ ഇത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ച ആയിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ’നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇനിയും നിരവധി മരണങ്ങളുണ്ടാവും. ഇത് ഒരുപക്ഷെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ആഴ്ചയായിരിക്കും,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.






































