ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ നടത്തിയ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.
പരീക്ഷണാടിസ്ഥാനത്തില്‍ 4 കോവിഡ് രോഗികളില്‍ ചികിത്സ നടത്തിയെന്നും അതില്‍ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും വ്യക്തമാക്കിയ അദ്ദേഹം ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് പുറത്തുവരുന്നതെന്നും അഭിപ്രായപ്പെട്ടു.
ഇത് ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍ മാത്രമാണ്, ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല. എങ്കിലും പ്രതീക്ഷയുടെ കിരണങ്ങള്‍ ഇവ നമുക്ക് നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് കൊവിഡ് രോഗികള്‍ക്കാണ് പ്ലാസ്മ ചികിത്സ നല്‍കിവരുന്നത്.
കൂടാതെ, ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതനായ 49കാരനും പ്ലാസ്മ ചികിത്സ നല്‍കിയിരുന്നു. വെന്റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു തുടക്കത്തില്‍ ഇയാളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പ്ലാസ്മ തെറാപ്പിക്ക് ശേഷം ആരോഗ്യനിലയില്‍ മാറ്റമുണ്ടാവുകയും തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്‌തിരുന്നു.
മൂന്ന് രോഗികള്‍ക്ക് കൂടി നല്‍കാന്‍ നിലവില്‍ രക്തവും പ്ലാസ്മയും ആശുപത്രിയില്‍ തയ്യാറാണെന്നും അവര്‍ക്കുള്ള പ്ലാസ്മ തെറാപ്പി ഒരു പക്ഷെ ഇന്ന് തുടങ്ങുമെന്നുമാണ് മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലെത്തിയ ഡോ എസ്. കെ. സരിന്‍ പറഞ്ഞത്.
കഴിഞ്ഞ 16നാണ് ഡല്‍ഹിയ്ക്ക് പ്ലാസ്മ ചികിത്സ നടത്താന്‍ ICMR അനുമതി നല്‍കിയത്. ഡല്‍ഹിയെക്കൂടാതെ കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ പ്ലാസ്മ ചികിത്സ നടത്താന്‍ അനുമതിയുള്ളത്
അതേസമയം, 2,376 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 50 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.










































