കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിര്‍മ്മിച്ച കര്‍മിബോട്ട് എന്ന റോബോട്ടിനേയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ കൊവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ എത്തിച്ചിരിക്കുന്നത്.
രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികള്‍ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ ചുമതലകള്‍.
രോഗികളുമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കം കുറയ്ക്കാനും, PPE കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും റോബോട്ടിന്റെ ഉപയോഗം സഹായിക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ അറിയിച്ചു. 25 കിലോയോളം ആണ് കര്‍മിബോട്ടിന്റെ ഭാരം വഹിക്കാനുള്ള ശേഷി.
സെക്കന്‍ഡില്‍ ഒരു മീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ് കര്‍മ്മി ബോട്ടിന്റെ മറ്റു പ്രത്യേകതകള്‍.
ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടുകൂടി ഓട്ടോമാറ്റിക് ചാര്‍ജിംഗ് ,സ്പര്‍ശനരഹിത ടെംപ്രേച്ചര്‍ ചെക്കിഗ് തുടങ്ങിയ സംവിധാനങ്ങള്‍ റോബോട്ടില്‍ ഉള്‍പ്പെട്ടുത്തുവാനാണ് അസിമോവ് റോബോട്ടിക്സ് പദ്ധതിയിടുന്നത്.