gnn24x7

കോവിഡ്‌ ബാധ; ഇന്ന് ഇറ്റലിയില്‍ കാണുന്ന കാഴ്ച ഏറെ വേദനാജനകം; ബന്ധുക്കളുടെ വരവ് കാത്ത് ഈ കുഴിമാടങ്ങള്‍ …!!

0
385
gnn24x7

ഇറ്റലി: കോവിഡ്‌ ബാധ അതിഭീകരമാം വിധം പിടി കൂടിയ ഇറ്റലിയില്‍ മരണം ഒരു തുടര്‍ക്കഥയായി മാറിയിരിയ്ക്കുകയാണ്.

ക്രൈസ്തവ  പാരമ്പര്യം പിന്തുടരുന്ന ഇറ്റലിയില്‍ മൃതസംസ്കാരം മതപരവും ഒപ്പം പ്രൗഢഗംഭീരവുമായ ചടങ്ങാണ്.  ചുറ്റും പ്രിയപ്പെട്ടവര്‍, അലങ്കരിച്ച ശവമഞ്ചം, എങ്ങും പ്രാര്‍ത്ഥനയുടെ മണി മുഴക്കം.

എന്നാല്‍, ഇന്ന് ഇറ്റലിയില്‍ കാണുന്ന കാഴ്ച ഏറെ വേദനാജനകമാണ്. അലങ്കരിച്ച ശവമഞ്ചങ്ങളോ ഒപ്പം പ്രിയപ്പെട്ടവരോ എങ്ങുമില്ല. സെമിത്തേരിയില്ല, മരിച്ചവരുടെ പേരെഴുതിയ കോണ്‍ക്രീറ്റ് സ്ലാബുകളോ പൂക്കളോ ഒന്നും ഇവിടെ കാണാനില്ല.

ഇന്ന് ഇവിടെ കാണുന്നത് സെമിത്തേരിയല്ല വെറും കുഴിമാടങ്ങളാണ്. ഓരോ കുഴിമാടത്തിന് മുകളിലും വെളുത്ത ചെറിയ കുരിശ് രൂപങ്ങള്‍ കാണാം. ആ കുരിശു രൂപത്തില്‍, അടക്കം ചെയ്തിരിക്കുന്ന വ്യക്തിയുടെ പേര് ഉണ്ടാവും. കോവിഡ് ഇറ്റലിയില്‍ വിതച്ച ദുരന്തത്തിന്‍റെ ബാക്കിപത്രങ്ങളില്‍ ഒന്നാണ് ഈ കുഴിമാടങ്ങള്‍.

ഇറ്റലിയിലെ മിലാനില്‍ ബന്ധുക്കളൊന്നും ഏറ്റുവാങ്ങാനില്ലാതെ പോയ നൂറുകണക്കിന് അജ്ഞാത മൃതദേഹങ്ങളാണ് ഈ കുഴിമാടങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്നത്.  ലൊംബാര്‍ഡിയിലെ മരണസംഖ്യ നിയന്ത്രണാതീതമായി ഉയര്‍ന്നതോടെ മോര്‍ച്ചറികളും ശ്മശാനങ്ങളുമെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അജ്ഞാത മൃതദേഹങ്ങള്‍ 30 ദിവസത്തിന് പകരം 5 ദിവസം വരെ മാത്രം സൂക്ഷിച്ചാല്‍ മതിയെന്ന് മിലാനിലെ അധികൃതര്‍ തീരുമാനിച്ചിരുന്നു. 

ചിലരുടെ ശരിക്കുമുള്ള പേര് പോലും അധികൃതര്‍ക്ക് അറിയില്ല. ഇവരെ അജ്ഞാത മൃതദേഹങ്ങളെന്ന് മുദ്രകുത്തിയാണ് സംസ്കരിച്ചിരിക്കുന്നെങ്കിലും അധികൃതരുടെയെല്ലാം ഉള്ളില്‍ അതിന്‍റെ വേദനയുണ്ട്. കാരണം ഇവരെല്ലാവരും ഉറ്റവരോ ഉടയവരോ ഇല്ലാത്തവര്‍ ആണെന്ന് പറയാനാകില്ല. 

മൃതദേഹം അഞ്ച് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാതെ സംസ്കരിക്കുന്നതിനാല്‍ ഒരു പക്ഷേ, ഇവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്താന്‍ സാധിക്കാതെ പോയതാകാം. ഒരു പക്ഷേ, ഏതെങ്കിലും ആശുപത്രിയില്‍ അവരും ചികിത്സയിലായിരിക്കാം. എവിടെയെങ്കിലും ഇവരുടെ പ്രിയപ്പെട്ടവര്‍ കാണാം. അഞ്ച് ദിവസത്തിനുള്ളില്‍ ആരും അന്വേഷിച്ച്‌ വരാത്ത സാഹചര്യത്തിലാണ് അധികൃതര്‍ ഓരോ മൃതദേഹവും ഇവിടെ മറവ് ചെയ്യുന്നത്.

ഇനി ഒരു പക്ഷേ, ആരെങ്കിലും അന്വേഷിച്ചു വരികയാണെങ്കില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാവുന്നതാണെന്ന് മിലാനിലെ ഡെപ്യൂട്ടി മേയറായ റോബര്‍ട്ട കൊക്കോ പറയുന്നു. 

ഇത്തരത്തില്‍ ബന്ധുക്കളാരും അവകാശപ്പെടാനില്ലാത്ത 600 ഓളം മൃതദേഹങ്ങളാണ് ലൊംബാര്‍ഡിയിലുള്ളത്. ഈ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനായി അധികൃതര്‍ മറ്റ് സ്ഥലങ്ങള്‍ കണ്ടെത്തേണ്ട അവസ്ഥയാണ്. കോവിഡ് ഏറ്റവും നാശം വിതച്ച ലൊംബാര്‍ഡി മേഖലയുടെ തലസ്ഥാനമാണ് മിലാന്‍. ഇറ്റലിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരില്‍ പകുതിയിലേറെയും ലൊംബാര്‍ഡിയില്‍ നിന്നാണ്. 13,000ത്തോളം പേരാണ് ലൊംബാര്‍ഡിയില്‍ മാത്രം മരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here