gnn24x7

പ്രവാസികളെ തിരിച്ചുകൊണ്ടുവരാനായി പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ ദുബായ് തീരത്ത് അടുപ്പിക്കാനായില്ല

0
313
gnn24x7

ന്യൂദല്‍ഹി: കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാനായി പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ ദുബായ് തീരത്ത് അടുപ്പിക്കാനായില്ല.

നാവികസേന കപ്പലുകള്‍ക്ക് യു.എ.ഇ അനുമതി ലഭിക്കാത്തതാണ് കാരണം. കപ്പലുകള്‍ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യു.എ.ഇ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചതായാണ് സൂചന.

ദുബായ് തീരത്തേക്ക് തിരിച്ച കപ്പലുകള്‍ യു.എ.ഇ അനുമതിക്കായി പുറംകടലില്‍ കാത്തിരിക്കുകയാണ്. നടപടി വൈകുന്നതായുള്ള അറിയിപ്പ് കിട്ടിയെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കപ്പലുകള്‍ വ്യാഴാഴ്ച ദുബായില്‍ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കുന്നതിനായി നാവികസേനയുടെ നാല് കപ്പലുകളാണ് പുറപ്പെട്ടത്. ദുബായിലേക്കും മാലിദ്വീപിലേക്കുമായി രണ്ട് നാവികസേന കപ്പലുകള്‍ വീതമാണ് പോയിരുന്നത്.

ദുബായിലേക്കുള്ള കപ്പലുകള്‍ വ്യാഴാഴ്ച വൈകിട്ട് അവിടെ എത്തുമെന്നായിരുന്നു അറിയിച്ചത്. എട്ടാം തീയതി മടങ്ങിയേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഒരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനായിരുന്നു പദ്ധതി. ദുബായില്‍ നിന്ന് കപ്പലുകള്‍ കൊച്ചിയിലേക്കാണ് മടങ്ങാന്‍ തീരുമാനിച്ചത്. മടക്കയാത്രയ്ക്ക് മൂന്നര ദിവസമാണ് എടുക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here