ന്യൂഡല്‍ഹി: വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ദുരന്തത്തെക്കുറിച്ച് നാലാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.
അതേസമയം, സംഭവത്തില്‍ സംസ്ഥാനതല അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചു. കൂടാതെ, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഒരു കോടി രൂപ വീതം അനുവദിച്ചു.വെന്റിലേറ്ററില്‍ കഴിയുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ഔട്ട് പേഷ്യന്റ് ചികിത്സ തേടിയവര്‍ക്ക് 25,000 രൂപ വീതവും അഞ്ച് ഗ്രാമങ്ങളിലെ 15,000 ജനങ്ങള്‍ക്ക് പതിനായിരം രൂപ വീതവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. പുലര്‍ച്ചെ മൂന്നിന് ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേരാണ് മരിച്ചത്. അപകടസമയത്ത് കമ്പനിയില്‍ 50 ജീവനക്കാരുണ്ടായിരുന്നു. നൂറോളം പേരുടെ നില ഗുരുതരമാണ്. കൂടാതെ 1000ല്‍ അധികം പേരെ വാതക ചോര്‍ച്ച ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
വിഷവാതകം ചോര്‍ന്ന വാര്‍ത്ത പരന്നതോടെ പോലീസും ദുരന്ത നിവാരണ സേനയും രംഗത്തിറങ്ങി. ഉച്ചഭാഷിണികളിലൂടെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വഴിയില്‍ കിടന്നവരെ ആശുപത്രികളിലേക്ക് മാറ്റി. അകത്തു നിന്ന് അടച്ചിട്ട വീടുകള്‍ ചവിട്ടിത്തുറന്നാണ് ബോധനമില്ലാതെ കിടന്നവരെ മാറ്റിയത്. ഫാക്ടറിയുടെ സമീപത്തായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലും നിരവധി പേര്‍ അവശനിലയിലായി. കോളനിയും ഒഴിപ്പിച്ചു. ആര്‍. ആര്‍ വെങ്കടപുരം, പത്മപുരം, ബി. സി കോളനി, എന്നിവ ഒഴിപ്പിച്ച ഗ്രാമങ്ങളില്‍ പെടുന്നു.
അതേസമയം, വിഷവാതക ചോര്‍ച്ചയ്ക്ക് കാരണം സാങ്കേതിക തകരാര്‍ ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.








































