തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കവിഞ്ഞ മഴയ്ക്ക് സാധ്യതയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും നാലു തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത പരിഗണിച്ച് 27,000 ത്തിലധികം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചത്.
കൊവിഡിനെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇത് ഗുരുതര വെല്ലുവിളിയാണെന്നും ഇത് മുന്നില്‍ കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്തുമെന്നും ഇതിനായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കൊവിഡ് ഭീഷണിയുള്ളതിനാല്‍ വെള്ളപ്പൊക്ക കാലത്തെ പോലെ ഒന്നിച്ച് പാര്‍പ്പിക്കാനാവില്ല. നാല് തരത്തില്‍ കെട്ടിങ്ങള്‍ വേണ്ടി വരും. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും രോഗികള്‍ക്കും പ്രത്യേക കെട്ടിടം, കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പ്രത്യേക കെട്ടിടം, ക്വാറന്റീനില്‍ ഉള്ളവര്‍ക്ക് മറ്റൊരു കെട്ടിടം. നദികളിലും തോടുകളിലും ചാലുകളിലും ഏക്കലും മറ്റും നീക്കാന്‍ നടപടി ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ല. സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അടിയന്തരമായി പരിശീലനം നല്‍കും. ഈ ഘട്ടത്തില്‍ വലിയ തോതില്‍ സഹായം പ്രവഹിക്കുന്നുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.








































