അഹമ്മദാബാദ്: കൊവിഡ് ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ വീടിനു സമീപത്തുള്ള ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. 67 കാരനായ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെ ഉൾപ്പെടെ ക്വാറന്റൈനിലാക്കിയിരുന്നു. മെയ് 10ാം തീയ്യതിയാണ് ഇദ്ദേഹത്തെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
നേരത്തെ തന്നെ കൊവിഡ് വിഷയത്തിൽ പ്രതിരോധത്തിലായ ഗുജറാത്ത് സർക്കാർ വലിയ വിമർശനമാണ് വിഷയത്തിൽ നേരിടുന്നത്. സംഭവത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടു. അതേസമയം ആശുപത്രിയിൽ നിന്ന് ഇദ്ദേഹം എങ്ങിനെ പുറത്ത് കടന്നുവെന്നതിൽ ഗുജറാത്ത് പൊലീസ് ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല.
ഒരു കത്തും മൊബൈൽ ഫോണും മരിച്ചയാളിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർ പരിശോധനയിലാണ് കൊവിഡാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മരിച്ചയാളിന്റെ സഹോദരനും ആവശ്യം ഉന്നയിച്ചു.