gnn24x7

കൊവിഡ് 19നെ പ്രതിരോധിക്കാൻ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപ്.

0
220
gnn24x7

വാഷിങ്ടൺ: കൊവിഡ് 19നെ പ്രതിരോധിക്കാൻ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് കൊവിഡ് പൊസിറ്റീവല്ലെന്നും രോ​ഗ ലക്ഷണങ്ങൾ ഇല്ലെന്നും പറഞ്ഞ ട്രംപ് പ്രതിരോധത്തിനായാണ് ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അമേരിക്കയിലെ തന്നെ കൊവിഡ് ടാസ്ക് ഫോഴ്സിലെ വിദ​ഗ്ധർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന് കൂടിയാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ.

”ഞാനെല്ലാ ദിവസവും ഒരു ​ഗുളിക കഴിക്കും. സിങ്കുമായി കൂട്ടികലർത്തിയാണ് കഴിക്കാറുള്ളത്” അദ്ദേഹം പറഞ്ഞു. എന്തിനാണ് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നല്ലതാണെന്ന് ഞാൻ കരുതുന്നുവെന്നും, അത് കൊണ്ട് പല നല്ല അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് എന്നും ട്രംപ് കൂട്ടിച്ചേർത്തു.

നേരത്തെ തന്നെ ആന്റി മലേറിയ മരുന്നായ ​ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്നത് പിന്തുണച്ച് ട്രംപ് രം​ഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ തന്നെ സർക്കാരിലെ പലരുടെയും എതിർപ്പുകൾ വകവെക്കാതെയാണ് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡിന് ശിപാർശ ചെയ്തത്.

”ഈ മരുന്ന് കഴിക്കുന്നവരുടെ ലിസ്റ്റ് കേട്ടാൽ നിങ്ങൾ തന്നെ ഞെട്ടും. ആരോ​ഗ്യ പ്രവർത്തകരുൾപ്പെടെ നിരവധി ആളുകളാണ് ഇത് കഴിക്കുന്നത്. ഞാനും കഴിക്കുന്നുന്നുണ്ട്”. അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വൈറ്റ് ഹൗസിലെ തന്നെ തന്റെ ഡോക്ടർ ഈ മരുന്ന് കഴിക്കുന്നതിൽ തെറ്റില്ലെന്ന് തന്നോട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ കൂടെ നിർദേശ പ്രകാരമാണ് താനിത് കഴിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

”ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഈ മരുന്നിനെക്കുറിച്ച് നിങ്ങൾ എന്താണ് കരുതുന്നത് എന്ന്. അദ്ദേഹം പറഞ്ഞു താങ്കൾക്ക് ഇഷ്ടമെങ്കിൽ ആകാമെന്ന്. എനിക്ക് ഇഷ്ടമാണെന്ന് ഞാനും പറഞ്ഞു”. ട്രംപ് പറഞ്ഞു.

അതേസമയം ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്നിന് നിരവധി പാർശ്വഫലങ്ങൾ ഉണ്ടെന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദേശ പ്രകാരമല്ലാതെ ഈ മരുന്ന് കഴിക്കരുതെന്നും കൊവിഡ് ചികിത്സയ്ക്ക് ഇത് ഉപയോ​ഗിക്കുന്നത് നല്ലതല്ലെന്നും എഫ്.ഡി.എ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here