കോഴിക്കോട്: കോഴിക്കോട്ടെ ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭക്ഷണം വിളമ്പി. ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കരുതെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ഉള്ളപ്പോഴാണ് നിരവധി പേര്‍ക്ക് ഹോട്ടലിനുള്ളില്‍ ഭക്ഷണം വിളമ്പിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇത്തരത്തില്‍ ഇരുന്ന് കഴിക്കാനുള്ള സംവിധാനം ഒരുക്കയിട്ടുണ്ടെന്നാണ് ഭക്ഷണം കഴിക്കാനെത്തിയവര്‍ പറഞ്ഞത്.
എന്നാല്‍ പുറത്തുനിന്ന് വരുന്നവര്‍ക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും ഹോട്ടലിലെ ജീവനക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഭക്ഷണം നല്‍കിയതെന്നുമാണ് ഹോട്ടല്‍ അധികൃതരുടെ വാദം. എന്നാല്‍ നിരവധി ആളുകള്‍ പുറത്തുനിന്ന് എത്തി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.
സംഭവം വാര്‍ത്തയായതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും ആളുകളുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി എടുക്കുകയും ചെയ്തു.
ഇതിന് ശേഷം ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ക്കെതിരെയും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹോട്ടലിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി കോഫി ഹൗസ് ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നുണ്ട്. ഹോട്ടലിന്റെ പിന്‍വശത്തേക്കുള്ള ഭാഗത്തായിട്ടായിരുന്നു ഭക്ഷണം കഴിക്കാനുള്ള സ്ഥലം ഒരുക്കിയത്. എന്നാല്‍ ഇന്ന് ആളുകള്‍ കൂടിയതോടെ സാധാരണ നിലയില്‍ തന്നെ ഭക്ഷണം വിളമ്പുകയായിരുന്നു. ഹോട്ടലിന്റെ പിറകിലുള്ള വാതിലൂടെയാണ് ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചത്.







































