കണ്ണൂര്‍: തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സ തേടിയ യുവാവിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സക്കെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
ചക്ക തലയില്‍ വീണതിനെത്തുടര്‍ന്ന് സാരമായ പരിക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിനെ ശസ്ത്രക്രിയക്കായാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവന്നത്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാസര്‍കോട് നിന്നുള്ള രോഗിയായതിനാല്‍ ശ്രവ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനാ ഫലം വന്നപ്പോഴാണ് രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലാവുന്നത്.
ഇദ്ദേഹത്തിനുള്‍പ്പെടെ ചികിത്സ തേടിയ മറ്റ് രണ്ട് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മൂവര്‍ക്കും രോഗം എങ്ങനെയാണ് ബാധിച്ചത് എന്നതില്‍ വ്യക്തതയില്ല.
കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ യുവാവിനാണ് കഴിഞ്ഞ ദിവസം സമാന രീതിയില്‍ രോഗം സ്ഥിരീകരിച്ചത്. ബൈക്ക് അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നാഡീ സംബന്ധമായ അസുഖത്തിന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ധര്‍മടം സ്വദേശിക്കും ശസ്ത്രത്കിയയ്ക്ക് മുമ്പ് നടത്തിയ ശ്രവ പരിശോധനയിലാണ് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. കണ്ണൂരില്‍നിന്നുള്ള രോഗിയായതിനാലാണ് ഇദ്ദേഹത്തിന്റെ ശ്രവന പരിശോധന നടത്തിയത്.
കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം ആളുകള്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.









































