കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മറ്റെല്ലാ സിനിമാ ഇന്‍ഡസ്ട്രിയെ പോലെയും മലയാള സിനിമാ ഇന്‍ഡസ്ട്രിയും പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രതിഫലം കുറച്ചെന്ന് റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത് തന്നെ രണ്ട് നടന്‍മാരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ സിനിമാതാരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു ഇനിയും ചലച്ചിത്ര നിര്‍മ്മാണ വിതരണവും അനിശ്ചിതാവസ്ഥയില്‍ തുടര്‍ന്നാല്‍ 500 കോടിക്ക് മുകളില്‍ നഷ്ടമുണ്ടാകും. ഈ സാഹചര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ തുറന്ന ചര്‍ച്ച ഉണ്ടാകണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാടെടുത്തത്.
പ്രതിഫലം കുറക്കണമെന്ന ആവശ്യത്തെ കുറിച്ചും ചലച്ചിത്ര നിര്‍മ്മാണം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കാനും നിര്‍മ്മാതാക്കള്‍ ജൂണ്‍ 8ന് യോഗം ചേരുന്നുണ്ട്.
സിനിമാ മേഖല ഇതുവരെയില്ലാത്ത പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിലാണ് പ്രതിഫലം കുറക്കണമെന്ന ആവശ്യമെന്നും വാശിയോ വിവാദമോ ഇല്ലാതെ സിനിമാ വ്യവസായത്തിന്റെ ഉണര്‍വിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് ശ്രമമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രജപുത്ര രഞ്ജിത് ദ ക്യുവിനോട് പറഞ്ഞിരുന്നു.
 
                






