സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ നടപടി ആവശ്യപെട്ട് പോലീസില്‍ പരാതി,
സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് മലപ്പുറം എസ്പി ക്ക് പരാതി നല്‍കിയത്. മണ്ണാർക്കാട്ടെ ആനയുടെ അപകട മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മുസ്ലീം വിഭാഗത്തനെതിരേയും സാമുദായിക – പ്രാദേശിക
സ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെയാണ് പരാതി നല്‍കിയത്.
മെയ് 29 ന് ( ലഭ്യമായ വാർത്തകൾ പ്രകാരം) പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വനാന്തരങ്ങളിൽ അപകടത്തെ തുടർന്ന് ചരിഞ്ഞ ഒരു
കാട്ടാനയുടെ മരണവുമായി ബന്ധപ്പെട്ട് മലപ്പുറംജില്ലക്കെതിരേയും മലപ്പുറത്തെ ഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായത്തിനെതിരേയും വ്യാപകമായ വ്യാജ പ്രചരണങ്ങൾ ദേശീയ തലത്തിൽ നടക്കുന്നതായി പരാതിക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു.
മലപ്പുറം ജില്ലക്കു പുറത്തു നടന്ന ഒരു അപകടകത്തെ ബോധപൂർവ്വം ഒരു ജില്ലയിലെ ജനങ്ങൾക്കെതിരെ,
വിശിഷ്യാ ഒരു സമുദായത്തിനെതിരെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വമായ ആദ്യ പ്രചരണം നടത്തിയത് മുൻ കേന്ദ്രമന്ത്രി ശ്രീമതി മനേക ഗാന്ധിയാണ്. ഇതേ തുടർന്ന് ഉത്തരേന്ത്യയിലെ നിരവധിയായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മലപ്പുറം ജില്ലയിലെ നിവാസികൾക്കും
മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്കുമെതിരെ കടുത്ത വർഗ്ഗീയ പ്രചരണമാണ് നടക്കുന്നത് എന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം ജില്ലയിലെ നിവാസികൾക്കെതിരെ രാജ്യത്തിൻ്റെ
ഇതരഭാഗങ്ങളിൽ സ്പർദ്ധ വളർത്തും വിധം ബോധപൂർവ്വം വ്യാജ പ്രചരണം നടത്തിയ ശ്രീമതി മനേക ഗാന്ധിക്കെതിരേയും,
സോഷ്യൽ മീഡിയയിലൂടെ മലപ്പുറത്തെ ജനങ്ങൾക്കെതിരേയും ,വിശിഷ്യാ മുസ്ലീം വിഭാഗങ്ങൾക്കെതിരേയും സ്പർദ്ധ വളർത്തുന്ന
പ്രചരണങ്ങൾ നടത്തിയ ഇതര വ്യക്തികൾക്കെതിരേയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153 A,120 Bഉൾപ്പടെയുള്ള ഉചിതമായ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണം എന്നും പരാതിക്കാരന്‍ ആവശ്യപെടുന്നു,








































