പാലക്കാട്: സൈലന്റ്‌വാലിയില്‍ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ, ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതില്‍ ഒരാൾ അറസ്റ്റിൽ. മലപ്പുറം ഓടക്കാലി സ്വദേശി വിൽസണാണ് അറസ്റ്റിലായത്. അമ്പലപ്പാറ മേഖലയിൽ കൃഷി ചെയ്യുന്നയാളാണ് ഇദ്ദേഹം. പാട്ടത്തിനെടുത്താണു കൃഷി നടത്തുന്നത്. സ്ഫോടകവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. ഇതേത്തുടർന്ന് ഭക്ഷണം കഴിക്കാനാകാതെയാണ് ആന ചരിഞ്ഞത്. മേയ് 23ന് വെള്ളിയാര്‍ പുഴയില്‍ എത്തുന്നതിന് മുന്‍പേ കാട്ടാനയ്ക്കു പരുക്കേറ്റിരുന്നു. നേരിയ സ്ഫോടനത്തിലാണ് വായില്‍ മുറിവുണ്ടായതെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാട്ടാനയുടെ ജീവനെടുത്തതു കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാെണന്ന നിഗമനത്തിലാണ് വനംവകുപ്പ്.
കൈതച്ചക്കയില്‍ സ്ഫോടകവസ്തു നിറച്ചുനൽകി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.





































