തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ക്വാറന്റീൻ കാലയളവ് വെട്ടിക്കുറച്ചു. കോവിഡ് ഐസിയുവിലും കോവിഡ് വാർഡിലും ജോലി ചെയ്യുന്നവർക്ക് 14 ദിവസത്തെ ക്വറന്റീനാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്. കോവിഡ് ഐസിയുവിലെ തുടർച്ചയായ 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം 7 ദിവസത്തെ ക്വറന്റീനും ഐസൊലേഷൻ വാർഡിലെ 10 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ശേഷം 3 ദിവസത്തെ ക്വാറന്റീനുമാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.
ഐസിയുവിൽ പിപിഇ കിറ്റ് ധരിച്ച് നാല് മണിക്കൂറും ഐസൊലേഷൻ വാർഡിൽ 6 മണിക്കൂറും തുടർച്ചയായി ജോലി ചെയ്യണം. ഏഴു ദിവസത്തെയും മൂന്നു ദിവസത്തെയും ക്വറന്റീൻ ജീവനക്കാർ സ്വന്തം വീടുകളിലാണ് പൂർത്തിയാക്കേണ്ടത്. ഡ്യൂട്ടി ദിവസങ്ങളിൽ താമസിക്കാൻ മെഡിക്കൽ സൗകര്യം നൽകുമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം ക്വറന്റീൻ വെട്ടിക്കുറച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജീവനക്കാർ ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കോൺഗ്രസ് അനുകൂല സംഘടനയായ കെജിഎൻയുവിന്റെ നേതൃത്വത്തിൽ നഴ്സുമാർ കരിദിനം ആചരിക്കും.
മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. എന്നാൽ ജീവനക്കാർ കുറവായതിനാലാണ് ക്വറന്റീൻ വെട്ടിക്കുറച്ചതെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ ന്യായീകരണം.


































