സിയോള്‍: കൊറിയക്കിടയില്‍ നടക്കുന്ന പ്രശ്‌നങ്ങളിലേക്ക് തലയിടാന്‍ നില്‍ക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ.
വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രശ്‌നങ്ങളൊന്നും ഇല്ലാതെ നടക്കണമെന്ന് വാഷിംഗ്ടണിന് ആഗ്രഹമുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് ഉത്തര കൊറിയയുടെ താക്കീത്.
ചൊവ്വാഴ്ച ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ ഹോട്ട്ലൈനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ഉത്തരകൊറിയയുടെ നടപടിയില്‍ നിരാശയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രതികരണം.
ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ട എന്നുണ്ടെങ്കില്‍ സ്വന്തം രാജ്യത്തെ കാര്യം നോക്കി നാവടക്കി ഇരിക്കുന്നതാണ് അമേരിക്കക്ക് നല്ലതെന്നും ഉത്തര കൊറിയ പറഞ്ഞു
ആദ്യം അമേരിക്ക ചെയ്യേണ്ടത് സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുകയാണെന്നും ഉത്തരകൊറിയ പറഞ്ഞു. അല്ലാതെ വന്നാല്‍ വിചാരിക്കാന്‍ പാറ്റാവുന്നതിനും അപ്പുറമായിരിക്കും പ്രത്യാഘാതങ്ങളെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
”യു.എസ് ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ, വേണ്ടാത്ത പരാമര്‍ശങ്ങളോടെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിട്ടാല്‍ , രാഷ്ട്രീയ സാഹചര്യം ഏറ്റവും മോശമായ ഈ സമയത്ത്, നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്തവിധത്തില്‍ ബുദ്ധിമുട്ടുള്ള കാര്യം നേരിടേണ്ടിവരും,”
ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിലെ യു.എസ് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ജോങ് ഗണ്‍ പറഞ്ഞതായി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
                






