റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. തുടർച്ചയായി മൂന്ന് ദിവസമായി രാജ്യത്ത് ദിവസവും നാലായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട്ചെയ്യപ്പെടുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 4267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 136,315 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണത്തിനൊപ്പം തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു എന്നതും ആശ്വാസം പകരുന്നുണ്ട്.
കഴിഞ്ഞ ദിവസം 1605 പേരാണ് കോവിഡ് മുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 89,540. ആയി. സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 41 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 1052 ആയിരിക്കുകയാണ്.
രാജ്യത്ത് തന്നെ റിയാദിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 1629 കേസുകളും റിയാദിൽ നിന്നാണ്. ജിദ്ദയിൽ നിന്നും 477 കേസുകളും മക്കയിൽ 224 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.