ബീജിംഗ്: ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മരണ വിവരം പുറത്തു വിടാതെ ചൈന.
സംഘര്‍ഷത്തില്‍ അപകടം പറ്റിയിട്ടുണ്ടെന്ന് ചൈനീസ് സൈനിക ( പി.എല്‍.എ) വക്താവ് അറിയിച്ചുണ്ട്. എന്നാല്‍ മരണ വിവരം പറയുന്നില്ല. ചൈനീസ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ ഒരു എഡിറ്ററും ചൈനീസ് ഭാഗത്തും അപകടം പറ്റിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ മരണ വിവരത്തില്‍ ഇവരും നിശ്ബദരാണ്.
‘ എനിക്കറിയാവുന്നതു പ്രകാരം ഗാലന്‍ വാലി സംഘര്‍ഷത്തില്‍ ചൈനീസ് ഭാഗത്തും അപകടം നടന്നിട്ടുണ്ട്. ചൈനയുടെ ആത്മ നിയന്ത്രണത്തെ തെറ്റിദ്ധരിച്ച് അഹങ്കരിക്കരുത്. ഇന്ത്യയുമായി ചൈന സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. പക്ഷെ ഞങ്ങള്‍ പേടിക്കില്ല,’ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് ചീഫ് ഇന്‍ എഡിറ്റര്‍ ഹു സിജിന്‍ ട്വീറ്റ് ചെയ്തു.
ഒപ്പം മരണസംഖ്യ പുറത്തു വിടാത്തത് ഇരു രാജ്യങ്ങളിലെയും ജനങ്ങളില്‍ വികാരം ജ്വലിപ്പിക്കാന്‍ ആഗ്രഹിക്കാത്തു കൊണ്ടാണെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം ചൈനീസ് വിദേശ കാര്യമന്ത്രാലയം സൈന്യത്തിന് പറ്റിയ അപകടത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.
സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എ.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.