ന്യൂദല്‍ഹി: കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ കുതിച്ചുചാട്ടം. ഇന്നലെ മാത്രം 10,947 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2003 മരണങ്ങളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. രേഖപ്പെടുത്തായ പോയ മരണങ്ങള്‍ കൂടി കൂട്ടച്ചേര്‍ത്തതോടെയാണ് ഈ വര്‍ധനവ് ഉണ്ടായത്. 3,54,065 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 1,86,935 പേര്‍ക്കാണ് അസുഖം ഭേദമായത്.
കൊവിഡ് വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
പുതിയ വിവരമനുസരിച്ച്, മുംബൈയില്‍ മാത്രം ആകെ മരണ നിരക്ക് 2,312 ആണ്. 862 പേരുടെ മരണമാണ് സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ മറ്റ് സ്ഥലങ്ങളില്‍നിന്നുള്ള കണക്കിലും മാറ്റം വന്നിട്ടുണ്ട്. 466 മരണം കൂടി സര്‍ക്കാര്‍ പുതുതായി രേഖപ്പെടുത്തി. ആകെ 1,382 മരണമാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ മരിച്ചവരുടെ എണ്ണം 5,510 ആയി.
നിരവധി മരണങ്ങള്‍ സര്‍ക്കാര്‍ രേഖയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന ആരോപണം ശക്തമായതോടെയാണ് ജില്ലാ കളക്ടര്‍മാരോടും മുന്‍സിപാലിറ്റികളോടും മരണസംഖ്യ വീണ്ടുമന്വേഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ജൂണ്‍ പത്തിനാണ് സര്‍ക്കാര്‍ ഈ ഉത്തരവ് കൈമാറിയത്. എന്നിട്ടും അഞ്ച് ദിവസം വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. തുടര്‍ന്ന് രൂക്ഷ വിമര്‍ശം ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു.
                







































