ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
എന്തുകൊണ്ടാണ് മോദി നിശബ്ദനായതെന്നും എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു. എന്തു സംഭവിച്ചുവെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അറിയണമെന്നും നമ്മുടെ സൈനികരെ വധിക്കാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടുവെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.
‘പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നത്?
എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നത്.
ഇനിയും മിണ്ടാതിരിക്കാനാവില്ല. എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അറിയേണ്ടതുണ്ട്.
നമ്മുടെ സൈനികരെ വധിക്കാന്‍ അവര്‍ എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി കയ്യേറാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു’ രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു.
ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല.
സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എ.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.