ന്യൂഡൽഹി: പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ എളുപ്പം പൊളിച്ചു നീക്കാൻ കഴിയാത്ത താൽക്കാലിക കെട്ടിടങ്ങളും ചൈന നിർമിച്ചതായി ഉപഗ്രഹദൃശ്യങ്ങൾ. പാംഗോങ്ങിൽ നിന്ന് ഉടനെങ്ങും പിൻമാറില്ലെന്ന സന്ദേശമാണ് ഇതിലൂടെ ചൈന നൽകുന്നത്. പ്രദേശത്ത് ഇന്ത്യയും സേനാ സന്നാഹം ഗണ്യമായി വർധിപ്പിച്ചു. സേനാ വാഹനങ്ങളും ആയുധങ്ങളുമടക്കമുള്ള സന്നാഹങ്ങളുമായി ഇത്രയും അടുത്ത് ഇരു സേനകളും നേർക്കുനേർ നിലയുറപ്പിച്ചിരിക്കുന്നത് ഗൗരവമേറിയ സാഹചര്യമാണ്.
ഇതിനിടെ, വ്യോമസേനയിൽ പുതുതായി ചേർന്ന സേനാംഗങ്ങളെ അതിർത്തിയോടു ചേർന്നുള്ള മുൻനിര താവളങ്ങളിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. ഹൈദരാബാദിനു സമീപം ദുന്ദിഗൽ സേനാ അക്കാദമിയിലെ പാസിങ് ഒൗട്ട് പരേഡ് വീക്ഷിച്ച ശേഷം സേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. സാധാരണനിലയിൽ അക്കാദമിയിൽ നിന്ന് പാസായതിനു ശേഷമുള്ള ഏതാനും ആഴ്ചകളുടെ അവധി റദ്ദാക്കിയാണ്, എത്രയും വേഗം അതിർത്തിയിലേക്കു നീങ്ങാനുള്ള നിർദേശം.
ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇവിടങ്ങളിൽ എയർ പട്രോൾ ശക്തമാക്കിയെന്ന് വ്യോമസേന വ്യക്തമാക്കി . കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ യുദ്ധവിമാനങ്ങൾ ഒന്നും ഇന്ത്യയുടെ വ്യോമാതിർത്തിയിൽ എത്തിയിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ആർ.കെ.എസ്.ഭദൗരിയ വ്യക്തമാക്കി. നേരത്തെ ടിബറ്റിനു മുകളിലൂടെയുള്ള ചൈനയുടെ വ്യോമ പ്രവർത്തനങ്ങളെ ഇന്ത്യ നിരീക്ഷിച്ചിരുന്നു.വേനലിൽ പരീശീലനത്തിനായി ചൈന അവരുടെ വിമാനങ്ങൾ വിന്യസിക്കാറുണ്ട്, എന്നാൽ ഈ വർഷം അതിന്റെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ ലേയിൽ ഇന്ത്യൻ വ്യോമസേനയുടെ അപ്പാച്ചി യുദ്ധവിമാനവും മിഗ് 29 വിമാനത്തിന്റെയും സാന്നിധ്യം കണ്ടതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിറ്റേദിവസമാണ് എയർ ചീഫിന്റെ പരാമർശം.
 
                






