gnn24x7

കൊവിഡ്-19 രോഗികള്‍ക്കായി മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്

0
246
gnn24x7

കൊവിഡ്-19 രോഗികള്‍ക്കായി മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. ഒരു ടാബ്ലറ്റിന് 103 രൂപ വില വരുന്ന ‘Favipiravir’ എന്ന ആന്‍റിവൈറല്‍ മരുന്നാണ് പുറത്തിറക്കിയത്. 

ഫാബിഫ്ലു എന്ന ബ്രാൻഡിന്‍റെ കീഴില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസൂട്ടിക്കല്‍സ് മരുന്ന് പുറത്തിറക്കിയത്.  200 മില്ലിഗ്രാ൦ വീതമുള്ള 34 ടാബ്‌ലെറ്റുകളുള്ള ഒരു സ്ട്രിപ്പിന് പരമാവധി റീട്ടെയിൽ വിലയനുസരിച്ച് (MRP) 3,500 രൂപയാണ്.

കോവിഡ് -19 ചികിത്സയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ ഓറൽ ഫെവിപിരാവിർ അംഗീകരിച്ച മരുന്നാണ് ഫാബിഫ്ലു. ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രം ലഭ്യമാക്കുന്ന ഈ മരുന്ന് ആദ്യ ദിവസം 1800 mg കഴിക്കണം. പിന്നീടുള്ള 13 ദിവസങ്ങളില്‍ 800 mg വീതം രണ്ടു നേരം കഴിക്കണം.

‘ഒരു രോഗിക്ക് കുറഞ്ഞത് രണ്ട് സ്ട്രിപ്പുകൾ വീതം കണക്കിലെടുത്താല്‍ ആദ്യ മാസം 82,500 രോഗികൾക്ക് ഫാബിഫ്ലു നൽകാൻ കഴിയും. സാഹചര്യങ്ങള്‍ കണക്കിലെടുത്താകും പ്രവര്‍ത്തനം.’ -കമ്പനി അധികൃതര്‍ പറഞ്ഞു. ആശുപത്രികളിലൂടെയും റീട്ടെയിൽ കടകളിലൂടെയും മരുന്ന് ലഭ്യമാക്കാനാണ് തീരുമാനം. 

മരുന്ന് വിതരണത്തിനായി ആശുപത്രികളുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിനു ‘ഫാബിഫ്ലു ആവശ്യമുള്ള എല്ലാ രോഗികൾക്കും ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുന്നതിനായി ഉൽപ്പാദനത്തിന് മുൻഗണന നൽകുക എന്നതാണ് ഇപ്പോഴത്തെ ശ്രമം.’ എന്നായിരുന്നു മറുപടി.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയ്ക്ക് കഴിഞ്ഞ വെള്ളിയാഴ്ച Drugs Controller General of India (DCGI)യില്‍ നിന്ന് മരുന്നിന്‍റെ നിർമാണ, വിപണന അനുമതി ലഭിച്ചിരുന്നു.

‘ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തിക്കൊണ്ട് ഇന്ത്യയിൽ കേസുകൾ മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ അംഗീകാരം ലഭിക്കുന്നത്.’ -ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ചെയർമാനും എംഡിയുമായ ഗ്ലെൻ സൽദാൻഹ പറഞ്ഞു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here