gnn24x7

താത്കാലിക ജയിലിലെ ശോചനീയമായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തി ഭീമ-കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഗൗതം നവ്‌ലാഖ

0
265
gnn24x7

മുംബൈ: താത്കാലിക ജയിലിലെ ശോചനീയമായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തി ഭീമ-കൊറേഗാവ് കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ. ശനിയാഴ്ച തന്റെ കുടുംബാംഗങ്ങളോടും അഭിഭാഷകനോടുമാണ് നവ്‌ലാഖ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖാര്‍ഘറിലെ ഒരു സ്‌കൂളില്‍ താത്കാലികമായി ക്രമീകരിച്ച ജയിലിലെ സാഹചര്യങ്ങളാണ് നവ്‌ലാഖ വെളിപ്പെടുത്തിയത്. ആറ് ക്ലാസ് മുറികളിലായി 350 തടവുകാരാണ് താമസിക്കുന്നതെന്ന് നവ്‌ലാഖ പറഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യ സഹ്ബ ഹുസൈന്‍ പറഞ്ഞു.

‘അദ്ദേഹം പറഞ്ഞത് ആറ് ക്ലാസ് മുറികളിലായി 350 തടവുകാരെയാണ് താമിസിപ്പിച്ചിരിക്കുന്നതെന്നാണ്. മൂന്ന് ശൗചാലയങ്ങളും ഏഴ് മൂത്രപുരകളും ബക്കറ്റും മഗ്ഗും പോലുമില്ലാതെ ഒറ്റ കുളിമുറിയുമാണുള്ളതെന്നുമാണ്. അദ്ദേഹം താമസിക്കുന്ന മുറിയില്‍ 35 തടവുകാരാണുള്ളത്,’ സഹ്ബ ഹുസൈന്‍ പറഞ്ഞു.

ജയിലിലെ സ്ഥിതിഗതികള്‍ അറിഞ്ഞതുമുതല്‍ താന്‍ അസ്വസ്ഥയാണെന്നും അദ്ദേഹത്തെ പോലൊരു രാഷ്ട്രീയ തടവുകാരന് നല്‍കുന്ന മനുഷ്യത രഹിതമായ ശിക്ഷയാണിതെന്നും സഹ്ബ പറഞ്ഞു.

പ്രത്യേക കോടതിയുടെ അനുമതി പ്രകാരം 15 ദിവസത്തിന് ശേഷമാണ് നവ്‌ലാഖയോട് സംസാരിക്കുന്നതെന്നും സഹ്ബ വ്യക്തമാക്കി. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് നവ്‌ലാഖയെ ദല്‍ഹിയിലെ തീഹാര്‍ ജയിലില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ട് വരുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് പുതിയ തടവുകാരെ പാര്‍പ്പിക്കുന്ന കേന്ദ്രമാണ് ഇത്.

കഴിഞ്ഞമാസമാണ് സംസ്ഥാന ജയില്‍ വകുപ്പിന്റെ കീഴില്‍ താത്കാലിക തടവു കേന്ദ്രം ഒരുക്കിയത്. ജയില്‍ മാറി വരുന്ന തടവുകാരെ 21 ദിവസം ക്വാറന്റീനില്‍ പാര്‍പ്പിച്ചു കഴിഞ്ഞാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ ഇതുവരെ ഒരു തടവുകാരനെ പോലും 21 ദിവസത്തെ ക്വാറന്റീന് ശേഷവും മാറ്റിപാര്‍പ്പിക്കുന്നില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ തടവുകാരെ മാറ്റിപാര്‍പ്പിക്കുന്നതില്‍ ഇനിയും തീരുമാനമായില്ലെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

321 തടവുകാരെയാണ് സ്‌കൂളില്‍ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2124 തടവുകാരെ പാര്‍പ്പിക്കാവുന്ന സെന്‍ട്രല്‍ ജയിലില്‍ 2112 തടവുകാരാണ് ഇപ്പോഴുള്ളതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here