റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ സൗദിയിൽ അഞ്ച് മലയാളികൾ കൂടി മരിച്ചു. കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി ആർദ്രം വീട്ടിൽ സുനിൽ കുമാർ പുരുഷോത്തമൻ (43), മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി എഴുവാതിരുത്തി തെയ്യങ്ങാട് സ്വദേശി കുളപ്പുറത്തിങ്ങൽ സത്യാനന്ദൻ (61), തൃശൂർ ഇഞ്ചമുടി സ്വദേശി കരീപ്പറമ്പിൽ മോഹൻദാസ് (67), കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ (34), മലപ്പുറം ജില്ലയിലെ പന്തല്ലൂർ മുടിക്കോട് മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60) എന്നിവരാണ് മരിച്ചത്.
ആദ്യ രണ്ടു പേര് ദമാമിലും മറ്റുള്ളവർ യഥാക്രമം റിയാദിലും മക്കയിലും ആണ് മരിച്ചത്. സുനിൽ കുമാർ പത്ത് ദിവസത്തോളമായി ദമാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ:പ്രതിഭ, മക്കൾ: ആദർശ്. സത്യാനന്ദൻ കഴിഞ്ഞ കുറച്ച് ദിവസമായി ദമാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കടുത്ത ശ്വാസ തടസവുമായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാകുകയായിരുന്നു. ഭാര്യ:ഉഷ, മക്കൾ: സൗമ്യ, ഗോകുൽ, സന്ധ്യ.
കോവിഡ് ലക്ഷണങ്ങളോടെ രണ്ടാഴ്ച മുമ്പ് റിയാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഷൈജൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: സുബൈദ, ഭാര്യ: ബിൻസി. പുതുവീട്ടിൽ അബ്ദുൽ കരീം മക്ക നൂർ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ:റുഖിയ, മക്കൾ: മുഹമ്മദ് ജസീൽ, നൂർ ബാനു, സഫീദ, നവാഫ്.







































