gnn24x7

പരിമിതമായ ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച്​ ഇത്തവണ ഹജ്ജ്​ കർമം നടത്താൻ സൗദി ഹജ്ജ്​ മന്ത്രാലയം തീരുമാനിച്ചു

0
264
gnn24x7

റിയാദ്: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹജ്ജ് കര്‍മ്മത്തില്‍ വിദേശത്ത് നിന്ന് വരുന്നവരെ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം. സൗദിയിലുള്ളവര്‍ക്ക് മാത്രമായി ഹജ്ജ് കര്‍മ്മം ചുരുക്കിയതായി മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീര്‍ഥാടകരായാണ് പരിഗണിക്കുക.

എന്നാല്‍ ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. എത്രപേര്‍ക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്ന് സൗദി ഹജ്ജ് മന്ത്രലയം വരുംദിവസങ്ങളില്‍ അറിയിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോഗ്യ കാര്യങ്ങള്‍ പരമാവധി ശ്രദ്ധിച്ചും മുന്‍കരുതലുകള്‍ പാലിച്ചുമായിരിക്കും ചടങ്ങുകള്‍. സുരക്ഷയും സംരക്ഷണവും സമൂഹ അകലവും ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും തീര്‍ഥാടനം അനുവദിക്കുക. കഴിഞ്ഞ വര്‍ഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചത്. ഇതില്‍ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്.

സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് സൗദി അറേബ്യ ഹജ്ജ് കര്‍മ്മത്തില്‍ ഇത്ര വലിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ മക്ക ഹറം പൂര്‍ണമായും അടച്ചിരുന്നു. സമൂഹ സുരക്ഷ കണക്കിലെടുത്ത് കൊവിഡ് കാലത്ത് ഉംറയും സിയാറത്തും നിര്‍ത്തിവെച്ചിരുന്നു.

ലോകമാകമാനമുള്ള ജനങ്ങളുടെ ആരോഗ്യ- സുരക്ഷാ അവകാശങ്ങളിലാണ് സൗദി അറേബ്യ വിശ്വസിക്കുന്നതെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് സൗദി മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് രാജ്യത്തിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകരുടെയും വിശ്വാസികളുടെയും സംരക്ഷണമാണ് ഉറപ്പുവരുത്തുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here