തിരുവനന്തപുരം: പി.പി.ഇ കിറ്റുകള്‍ പ്രവാസികള്‍ക്ക് വെറുതെ കിട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട പകരം പി.പി.ഇ കിറ്റുകള്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ചെന്നിത്തലയുടെ പ്രതികരണം.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട പി.പി.ഇ കിറ്റ് മതിയെന്ന നടപടി സര്‍ക്കാര്‍ മുഖംരക്ഷിക്കാന്‍ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
‘പി.പി.ഇ കിറ്റ് ധരിച്ചത് കൊണ്ട് ഒരു വ്യത്യാസവും ഉണ്ടാവാന്‍ പോകുന്നില്ല. ദുബായിലൊക്കെ പി.പി.ഇ കിറ്റ് എല്ലാവരും കൊടുക്കുന്നതാണ്. അത് നേരത്തെ അങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ. സര്‍ക്കാര്‍ ആദ്യം മുതല്‍ ഇതില്‍ എടുത്തു വന്നത് തെറ്റായ നടപടിയാണ്. നോണ്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണം ട്രൂനാറ്റ് പരിശോധന വേണം എന്നൊക്കെ പറഞ്ഞതെന്തിനായിരുന്നു,’ ചെന്നിത്തല ചോദിച്ചു.
കേന്ദ്രത്തോട് പോയിട്ട് ഒരാളോട് പോലും ആലോചിക്കാതെ തീരുമാനങ്ങള്‍ എടുത്തതാണ് പലതവണയായി തിരുത്തേണ്ടി വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഗള്‍ഫില്‍ മാത്രം 300ഓളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും നേരത്തെ അവരെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇവിടെ കേസുകള്‍ ഒഴിവാക്കാമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
പ്രവാസികളുടെ പ്രതിഷേധവും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രക്ഷോഭവും വന്നപ്പോള്‍ തീരുമാനം മാറ്റി. അത് മാറ്റിയെന്ന ജാള്യത കൊണ്ടാണ് പിപിഇ കിറ്റിന്റെ കാര്യം കൊണ്ടിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രവാസികളെ കൊണ്ട് വരുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് ലോക കേരള സഭ? അതിന്റെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കില്ലേ എന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം പിപിഇ കിറ്റുകളുടെ ചെലവ് താങ്ങാന്‍ പ്രവാസികള്‍ക്കാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിപിഇ കിറ്റുകള്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ട്രൂനാറ്റ് അടക്കമുള്ള പരിശോധനാസൗകര്യം ഇല്ലാത്തിടത്ത് നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് പി.പി.ഇ കിറ്റ് മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. സൗദി, ഒമാന്‍, ബഹ്‌റൈന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്കും പി.പി.ഇ കിറ്റ് മതിയായിരിക്കും.
പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാടിലും സര്‍ക്കാര്‍ ഇളവ് വരുത്തി. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.