ന്യൂദല്‍ഹി: ഗല്‍വാന്‍ അതിര്‍ത്തിയില്‍ ജൂണ്‍ 15ന് നടന്ന സംഘര്‍ഷം നിര്‍ഭാഗ്യകരമെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ ചൈനീസ് ആര്‍മി ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞെന്ന് ഇന്ത്യയുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ലഡാക്കിലെ മൂന്ന് പ്രധാന തര്‍ക്ക മേഖലയില്‍ നിന്നും പിന്‍വാങ്ങാന്‍ സമ്മതിച്ചുവെന്ന് മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗല്‍വാന്‍, ഹോട്ട് സ്പ്രിംഗ്, പാംഗോംഗ് തടാകത്തിനടുത്തുള്ള ഫിംഗര്‍ ഏരിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് സൈന്യം പിന്മാറുമെന്ന് അറിയിച്ചിരിക്കുന്നത്.
ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്‌വരയ്ക്കടുത്തുണ്ടായ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് എത്ര സൈനികരെ നഷ്ടപ്പെട്ടുവെന്നതിനെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ജൂണ്‍ 22ന് നടന്ന സൈനികതല ചര്‍ച്ചയിലെ തീരുമാനങ്ങളുടെ അന്തിമ രൂപമായിട്ടില്ലെന്നും അടുത്ത മൂന്ന്- നാല് ദിവസത്തെ സ്ഥിതിഗതികള്‍ക്കനുസരിച്ചായിരിക്കും തീരുമാനമെന്നും സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സൈനികര്‍ പിന്‍വാങ്ങാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയെന്നും എന്നാല്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമായിരിക്കും ഔദ്യോഗിക പ്രസ്താവന നടത്തുകയെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഗല്‍വാന്‍ പ്രദേശത്ത് ചൈനക്കാര്‍ മുന്‍കൂട്ടി നിര്‍മ്മിച്ച കൂടാരങ്ങള്‍ സ്ഥാപിച്ച് താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന പിന്‍മാറാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പത്തു മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളും സൗഹാര്‍ദപരമായാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗല്‍വാന്‍ സംഘര്‍ഷത്തെക്കുറിച്ച് ചൈന ഇതുവരെ ഒരു വിവരവും പുറത്തു വിടാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗിനെക്കുറിച്ചും ചൈന സംസാരിച്ചു.