കൊച്ചി: അങ്കണവാടി ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ പ്രതിഷേധിച്ച് നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്. അങ്കണവാടി ടീച്ചര്‍മാരാണ് കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സിഐടിയുവാണ് മാര്‍ച്ച് നടത്തിയത്. . സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ പ്രസന്നകുമാരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ശ്രീനിവാസന്‍ പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നാൽപ്പതോളം പേര്‍ പങ്കെടുത്തു.
സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ ശ്രീനിവാസന്‍ അങ്കണവാടി ടീച്ചര്‍മാരെ അപമാനിച്ചെന്ന് കാട്ടി വനിതാ കമ്മീഷന്‍ നേരത്തെ കേസ്സെടുത്തിരുന്നു. ജോലികൾ ഒന്നും ഇല്ലാത്ത സ്ത്രീകൾ അംഗൻവാടി ടീച്ചർമാരാകുന്നു. നിലവാരമില്ലാത്തവർ പഠിപ്പിക്കുന്ന കുട്ടികളും ഭാവിയിൽ നിലവാരമില്ലാത്തവരാകുന്നു. ഈ തരത്തിലായിരുന്നു പരാമർശം.
                






































