gnn24x7

ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും ജപ്പാനും

0
280
gnn24x7

ന്യുഡൽഹി: ഇന്ത്യ ചൈന സംഘർഷത്തിന് ശേഷവും ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടേയും ജപ്പാന്റെയും യുദ്ധക്കപ്പലുകൾ സംയുക്ത നാവികാഭ്യാസം നടത്തി. 

ഇന്ത്യയുടെ രജപുത് ക്ലാസ് ഡിസ്‌ട്രോയര്‍ ഐഎന്‍എസ് റാണ, കോറ-ക്ലാസ് മിസൈല്‍ കോര്‍വെറ്റ് ഐഎന്‍എസ് കുലിഷ് എന്നീ യുദ്ധക്കപ്പലുകളും ജപ്പാന്റെ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ പരിശീലന സ്‌ക്വാഡ്രണിലെ ജെ എസ് ഷിമായുകി, ജെ എസ് കാശിമ എന്നീ യുദ്ധക്കപ്പലുകളും സംയുക്തമായാണ് നാവികാഭ്യാസം നടത്തിയത്.  

ബേ ഓഫ് ബംഗാളിള്‍ വച്ച് നാവികാഭ്യാസം  നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഇന്തോ പസഫിക് സമുദ്രത്തില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്തോ പസഫിക് മേഖലകളില്‍ ചൈന ഇടപെടുന്നതിനെതിരെ നല്കിയ ശക്തമായ മുന്നറിയിപ്പായിട്ടാണ് സംയുക്ത നാവികാഭ്യാസം നടത്തിയത്. 

2015 മുതല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാനും പങ്കാളിയാണ്. ഇതിന് പുറമെ ഇന്ത്യയും യുഎസുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2018 മുതലുള്ള ധര്‍മ്മ ഗാര്‍ഡിയന്‍ സൈനീകവിന്യാസത്തിലും ജപ്പാന്‍ പങ്കെടുത്തിരുന്നു.  ഇന്തോ പസഫിക് മേഖലകളില്‍ ചൈന തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നത് മൂന്ന് രാജ്യങ്ങളും വളരെ ആശങ്കയോടെയാണ് കാണുന്നത്.

കഴിഞ്ഞ വര്‍ഷമാണ് നാവികാഭ്യാസ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. യുഎസ്എ ഫ്രാന്‍സ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഒസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള നാവികാഭ്യാസ കരാറില്‍ ഇന്ത്യ നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. 2007ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന ഇന്ത്യ യുഎസ് മലബാര്‍ ആഭ്യാസത്തെ ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ ചൈനയുടെ എതിര്‍പ്പിന് പുല്ലുവില കൊടുത്തുകൊണ്ടാണ് ഇന്ത്യ സംയുക്ത സൈനീകാഭ്യാസത്തില്‍ ജപ്പാനെയും പങ്കെടുപ്പിച്ചത്.  
 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here