ദമാം: ഗൾഫിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികൾ. സൗദി അറേബ്യയിൽ നിന്നാണ് നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ സ്വദേശി പി.എസ്. രാജീവ് (53), തിരുവനന്തപുരം പാറശ്ശാല സ്വദേശി ചെല്ലപ്പൻ മണി (54), തിരുവനന്തപുരം ബീമാപള്ളി സ്വദേശി മുഹമ്മദ് സലിം (45) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഇതിൽ സുലൈമാനും രാജീവും റിയാദിലും ചെല്ലപ്പൻ മണിയും റിയാദിലും സലീം ബുറൈദയിലുമാണ് മരണത്തിന് കീഴടങ്ങിയത്. അൽഖോബാറിൽ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു സൈനുദ്ദീൻ. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: മാജിദ. മക്കൾ: സൽമാൻ, സഫാൻ.
അബ്ഖൈഖിൽ ജോലി ചെയ്തു വരികയായിരുന്ന രാജീവ്, കടുത്ത പനിയും തൊണ്ട വേദനയും മൂലം രണ്ടാഴ്ച മുമ്പാണ് ചികിത്സ തേടിയത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഒരാഴ്ച മുമ്പ് സ്ഥിതി വഷളാവുകയും വെന്‍റിലേറ്റർ സഹായം വേണ്ടി വരികയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ സ്ഥിതി കൂടുതൽ മോശമായി മരിച്ചു. ഭാര്യ: ബിന്ദു രാജീവ്. മക്കൾ: അശ്വിൻ രാജ്, കാർത്തിക് രാജ്.
കഴിഞ്ഞ 14വർഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയാണ് സലീം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി ക്വറന്‍റീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: മസീദ. മക്കൾ: മുഫീദ, സഫ, റിദ.
റിയാദിലെ ഒരു കമ്പനി ജീവനക്കാരനായിരുന്നു ചെല്ലപ്പൻ മണി. കഴിഞ്ഞ 35 വർഷമായി ഗൾഫിലുണ്ട്. വിട്ടുമാറാത്ത പനിയെ തുടർന്നാണ് റിയാദ് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയ്ക്കിടെ രണ്ട് വൃക്കകളും പൂർണ്ണമായി തകരാറിലായിരുന്നു. ഡയാലിസിസിനുള്ള ഒരുക്കങ്ങൾ നടക്കവെയാണ് മരണം. ഭാര്യ: പി. ഉഷ. മക്കൾ: വി. മഞ്ജുഷ, വി. മനുരോഹിത്.