ന്യുഡൽഹി: പുൽവാമ ഭീകരാക്രമണത്തിലെ പ്രതിയായ ഒരാളെക്കൂടി എൻഐഎ അറസ്റ്റു ചെയ്തു. ജമ്മു കശ്മീരിലെ ബുദ്ഗാമിലുള്ള മുഹമ്മദ് ഇഖ്ബാൽ റാഥർ ആണ് അറസ്റ്റിലായത്. ഇയാൾ പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിച്ച മുഹമ്മദ് ഉമർ ഫറൂഖ് എന്ന ജയ്ഷെ ഭീകരന് ഗതാഗത സൗകര്യങ്ങൾ ഒരുക്കി സഹായിച്ചയാളാണ്.
തെക്കൻ കശ്മീരിൽ ജമ്മു വഴി നുഴഞ്ഞുകയറിയ ഫറൂഖ് എന്ന പാക്കിസ്ഥാനിയായ ഇയാളെ ദേശീയപാത വഴി പുൽവാമയിലെത്തിച്ചത് മുഹമ്മദ് ഇഖ്ബാൽ റാഥർ ആണ്. ഇയാൾ പുൽവാമ ആക്രമണത്തിന് മുൻപും പിൻപും ജയ്ഷെ ഭീകരരുടെ ആസ്ഥാനവുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എൻഐഎ റിപ്പോർട്ട്.
ഇയാൾ മറ്റൊരു കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്നു. പൊലീസ് കസ്റ്റഡിയിൽ നിന്നാണ് ഇയാളെ എൻഐഎ അറസ്റ്റു ചെയ്തത്. ഇയാളുമായി ബന്ധപ്പെട്ട് ചില വയർലെസ് വാർത്താ വിനിമയ സംവിധാനങ്ങളും കണ്ടെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. പുൽവാമ ഭീകരാക്രമണ കേസിൽ ഇതുവരെ എൻഐഎ ആറുപേരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
2019 മാർച്ച് 29 ന് സുരക്ഷാ സൈനികരുമായി നടന്ന ഏറ്റുമുട്ടലിൽ പ്രധാന പ്രതിയായ മുഹമ്മദ് ഉമർ ഫറൂഖും കൂട്ടുപ്രതിയായ കംറാനും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2019 ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ ഒന്നും രണ്ടുമല്ല 40 സിആർപിഎഫ് ജാവാന്മാരാണ് വീരമൃത്യു വരിച്ചത്.






































