gnn24x7

കടല്‍ക്കൊല കേസ്: ദൃക്സാക്ഷിയായ 14കാരൻ ജീവനൊടുക്കി; 100 കോടിയുടെ നഷ്ടപരിഹാരം തേടി കുടുംബം

0
284
gnn24x7

ന്യൂഡൽഹി: 2012ല്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തൽ. വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ഒരു പതിനാലുകാരൻ കൂടി ഉണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സംഭവം നേരിട്ട് കണ്ടതിന്റെ ആഘാതത്തിൽ നിന്ന് കരകയറാനാകാതെ ഈ 14 കാരൻ 2019ൽ ജീവനൊടുക്കുകയായിരുന്നു. കുട്ടിയുടെ കുടുംബമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 100 കോടിയുടെ നഷ്ടപരിഹാരം തേടി പ്രിജിന്റെ അമ്മയും ആറ് സഹോദരിമാരും കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി.

പുതിയ വെളിപ്പെടുത്തൽ

കന്യാകുമാരി ജില്ലയിലെ കഞ്ചംപുരം സ്വദേശിയായ പ്രിജിന്‍ ആണ് പത്ത് മത്സ്യ തൊഴിലാളികളുണ്ടായിരുന്ന ബോട്ടില്‍ ഉണ്ടായിരുന്നത്. വെടിവെപ്പിന് ശേഷം സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡി കുട്ടിയെ മറ്റൊരു ബോട്ടിലേക്ക് മാറ്റുകയായിരുന്നു. സംഭവ സമയത്ത് 14 വയസ്സുകാരനായ പ്രിജിന്‍ ബോട്ടിലെ പാചകക്കാരന്റെ സഹായി ആയിരുന്നു. പിടിക്കപ്പെട്ടാല്‍ ബാലവേലകുറ്റം ചുമത്തുമെന്ന് പേടിച്ചാണ് പ്രിജിനെ മാറ്റിയതെന്നാണ് വീട്ടുകാർ പറയുന്നത്. തന്റെ സുഹൃത്തും അയൽവാസിയുമായ അജീഷ് പിങ്കു കൺമുന്നിൽ വെടിയേറ്റ് വീഴുന്നത് കണ്ടതിന്റെ ഷോക്കിൽ നിന്ന് രക്ഷപ്പെടാൻ പ്രിജിന് കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

ഷോക്കിൽ നിന്ന് കരകയറാനാകാതെ 14കാരൻ

പ്രിജിന് യാതൊരു വിധ വൈദ്യസഹായങ്ങളോ കൗൺസിലിങ്ങോ ലഭിച്ചില്ലെന്ന് പ്രിജിന്റെ വീട്ടുകാർ പറയുന്നു. വെടിവെപ്പ് നേരില്‍ കണ്ട പ്രിജിന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഉറക്കമില്ലാത്ത അവസ്ഥയും ഉറങ്ങുന്ന സമയത്ത് ഞെട്ടി എഴുന്നേറ്റ് അലറിവിളിക്കുന്ന അവസ്ഥയുമായി കടുത്ത മാനസികാവസ്ഥകളിലൂടെ പ്രിജിൻ കടന്നു പോയെന്ന് അമ്മയും സഹോദരിമാരും പറയുന്നു. അഭിഭാഷകന്‍ യാഷ് തോമസ് മണ്ണുള്ളി മുഖേന കാബിനറ്റ് സെക്രട്ടേറിയറ്റിന് അമ്മയും ആറ് സഹോദരിമാരും നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണ പ്രിജിൻ പിന്നീട് കടലിൽ പോവാൻ കഴിയാത്ത അവസ്ഥയിലായി. പിന്നീട് 2019 ജൂലൈ രണ്ടിന് ആത്മഹത്യ ചെയ്യുകയായിരുന്നു.

വെടിവെപ്പ് സംഭവത്തിന്റെ ഇരയായ പ്രിജിന്റെ നിയമപരമായ അവകാശികളാണെന്ന നിലയിൽ നഷ്ടപരിഹാരം നൽകണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ബാലവേല കുറ്റം ചുമത്തപ്പടുമെന്ന ഭയത്താൽ കേസുമായ ബന്ധപ്പെട്ട എല്ലാ രേഖകളിൽ നിന്നും പ്രിജിന്റെ പേര് ഉടമ ഫ്രെഡി മറച്ചുവെന്നും വീട്ടുകാർ ആരോപിക്കുന്നു. പ്രിജിൻ ആയിരുന്നു കുടുംബത്തിലെ ഏകവരുമാന മാർഗമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എന്താണ് കടൽക്കൊല കേസ്?

ലോകശ്രദ്ധ ആകർഷിച്ച സംഭവം നടന്നത് 2012 ഫെബ്രുവരി 15നാണ്. കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 20.5 നോട്ടിക്കൽ മൈൽ അകലെ മീന്‍പിടിക്കുകയായിരുന്ന സെന്റ് ആന്റണീസ് എന്ന ബോട്ടിന് നേരെ ഇറ്റലിയുടെ ചരക്ക് കപ്പലായ എന്‍റിക ലെക്‌സിയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികര്‍ വെടിയുതിർക്കുകയായിരുന്നു. കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗികഭാഷ്യം. സംഭവത്തില്‍ നീണ്ടകര മൂതാക്കരയിലെ ജെലസ്റ്റിന്‍ വാലന്റൈൻ (44), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി അജീഷ് പിങ്കു (22) എന്നീ രണ്ട് മീന്‍പിടുത്തക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച കപ്പലില്‍നിന്ന് നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഇറ്റാലിയൻ നാവികരായ സാൽവത്തോർ ജിറോണും മാസിമിലിയാനോ ലാത്തോറും പിടിയിലാവുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here