തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത് പിടിച്ചു. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണവുമായി എത്തിയവരെയാണ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് ഒന്നരകിലോ സ്വർണവും കണ്ണൂരിൽ രണ്ടര കിലോ സ്വർണവുമാണ് പിടികൂടിയത്.
ജീൻസിൽ കുഴമ്പ് രൂപത്തിലാക്കി ഒളിപ്പിച്ച സ്വർണമാണ് തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ മൂന്ന് പേരാണ് സ്വർണം കടത്തിയത്.
കണ്ണൂരിൽ നിന്ന് ഏഴ് പേരിൽ നിന്നാണ് രണ്ടര കിലോ സ്വർണം പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാസർകോട്, നാദാപുരം സ്വദേശികളാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ദുബൈയില്‍ നിന്നും വന്ന ഫ്ലൈ ദുബൈയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും വിമാനങ്ങളിലെത്തിയവരിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. നികുതി അടച്ച് കേസിൽ നിന്ന് ഒഴിവാകാന്‍ പറ്റുന്ന തൂക്കത്തിലുള്ള സ്വര്‍ണമാണ് ഓരോരുത്തരുടേയും കൈയിലുണ്ടായിരുന്നത്. എന്നാൽ പിടിയിലായ ഏഴ് പേരും ഒരു സംഘത്തിലെ കണ്ണികളാണെന്ന് കസ്റ്റംസ് സംശയിക്കുന്നു. ഇതിനാലാണ് ഏഴ് പേരെയും കസ്റ്റഡിയിലെടുത്തത്.