മലപ്പുറം: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്.
സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടു പേരാണ് അറസ്റ്റിലായതെന്ന് കസ്റ്റംസ് അറിയിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെയും അംജത് അലിയുടെയും സുഹൃത്തുക്കളാണ് പിടിയിലായവര്‍.
അതേസമയം സ്വര്‍ണക്കടത്തിനായി പ്രതികള്‍ നടത്തിയത് വിപുലമായ ധനസമാഹരണം ആണെന്ന് കസ്റ്റംസ് കണ്ടെത്തി. പലരില്‍ നിന്നായി എട്ട് കോടിയോളം രൂപയാണ് സമാഹരിച്ചതെന്നാണ് കണ്ടെത്തല്‍.
റമീസ്, അംജത് അലി, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് പലരില്‍ നിന്നായി ധനസമാഹരണം നടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌നയ്ക്കും സരിത്തിനും കമ്മീഷനായി ലഭിച്ചത് ഏഴ് ലക്ഷം രൂപയാണെന്നും അന്വേഷണ സംഘം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ജ്വല്ലറി ഉടമയും കസ്റ്റഡിയിലായിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ കൊണ്ട് വന്ന സ്വര്‍ണം വാങ്ങിയത് ഇയാളാണെന്നാണ് കണ്ടെത്തല്‍.
മലപ്പുറത്തെ എസ്.എസ് ജ്വല്ലറി ഉടമയെയാണ് കസ്റ്റഡിയിലെടുത്തത്. ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നത് വടക്കന്‍ കേരളത്തിലെ ജ്വല്ലറികള്‍ക്കാണെന്ന് കസ്റ്റംസ് അന്വേഷണസംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.







































