gnn24x7

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി ഇന്ത്യ

0
272
gnn24x7

ന്യൂഡല്‍ഹി/ദുബായ്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷന്‍ ബ്യൂറോയെയും യുഎഇ സര്‍ക്കാരിനെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എൻ.ഐ.എ വാറണ്ട് പുറപ്പെടുവിച്ച പ്രതിയെ ദുബായിൽ നിന്നും ഇന്ത്യയിലെത്തിക്കാനാണ് നടപടി.

ഇതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിനെ യു.എയഇ പൊലീസ് ചോദ്യം ചെയ്തതായും വിവരമുണ്ട്. ഫൈസലിന് യുഎഇ യാത്രാവിലക്കും ഏർപ്പെടുത്തി.

കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും യുഎഇയും തമ്മില്‍ 1999 ല്‍ ഒപ്പുവച്ച ഉടമ്പടിയുണ്ടെങ്കിലും ഇതിനു കാലതാമസമുണ്ടായേക്കാം. എന്നാല്‍, നാടുകടത്താന്‍ ഇന്ത്യ അഭ്യര്‍ഥിച്ചാല്‍ യുഎഇ വേഗത്തില്‍ നടപടിയെടുക്കാറുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഷാര്‍ഷ് ദ് അഫയ്ര്‍ റാഷിദ് ഖമീസ് അലി മുസാഖിരി അല്‍ ഷെമെയ്ലി ദുബായിലേക്കു മടങ്ങി. യുഎഇ എംബസിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തു നിന്നു ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ അദ്ദേഹം അവിടെ നിന്നാണ് ഇന്ത്യ വിട്ടത്.

സ്വർണം അടങ്ങിയ നയതന്ത്ര ബാഗേജ് ഷെമെയ്ലിയുടെ വിലാസത്തിലാണ് എത്തിയത്. എന്നാല്‍ ഫോണ്‍ നമ്പര്‍ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയും കേസിലെ ഒന്നാം പ്രതിയുമായ പി.എസ്. സരിത്തിന്റേതായിരുന്നു. സ്വര്‍ണം പിടികൂടിയ ദിവസം ഉള്‍പ്പെടെ ഷെമെയ്ലി, കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഷെമെയ്ലിക്കു പങ്കുണ്ടെന്ന് മറ്റൊരു  പ്രതി സന്ദീപ് നായരും ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഭക്ഷ്യസാധനങ്ങള്‍ അയയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നും സ്വര്‍ണത്തെക്കുറിച്ച് അറിയില്ലെന്നും ഷെമെയ്ലിയുടെ നിലപാട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here