കൊച്ചി: നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ സംഭവത്തിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന കത്ത് പുറത്തുവന്നു. നയതന്ത്ര ബാഗിൽ തിരുവനന്തപുരത്ത് കസ്റ്റംസ് അധികൃതർ തടഞ്ഞുവച്ചു എന്നറിഞ്ഞപ്പോൾ ദുബായ് കോൺസുലേറ്റിലെ അറ്റാഷെ റാഷദ് ഖമിസ് അലി ,ഈ ബാഗേജ് തിരിച്ചയക്കാൻ കസ്റ്റംസിനോട് ആവശ്യപ്പെട്ടു. തിരിച്ചെത്തുന്ന ബാഗേജ് ഫൈസൽ ഹരിദ് തൈപറമ്പിൽ എന്നയാൾക്ക് നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ദുബായ് വിമാനത്താവളത്തിലെ ക്ലിയറിംഗ് ഏജൻറായ എമിറൈറ്റ്സ് സ്കൈ കാർഗോയ്ക്ക് നൽകിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.
അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസാണ് കണ്ടെടുത്തത്.  
അതേസമയം കത്ത് ഫൈസൽ തന്നെ വ്യാജമായി നിർമ്മിച്ചതാണോയെന്നും കസ്റ്റംസും എൻ.ഐ.എ യും പരിശോധിക്കുന്നുണ്ട്. എന്നാൽ കസ്റ്റംസിന് അറ്റാ ഷെ നൽകിയ കത്തും അതിലെ ഒപ്പും ശരിയാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വർണ്ണം വാങ്ങിയതും അത് ഡിപ്ലൊമാറ്റിക് കാർഗോ വഴി അയച്ചതും ഫൈസൽ ഫരീദാണെന്ന് കസ്റ്റംസ് പറയുന്നു. ഇയാൾക്കെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ്. ഇയാളാണ് സ്വർണ്ണക്കടത്തിലെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
 
                






