gnn24x7

രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട ബി.എസ്.പി നേതാവ് മായാവതിയ്‌ക്കെതിരെ കോണ്‍ഗ്രസ്

0
155
gnn24x7

ന്യൂദല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട ബി.എസ്.പി നേതാവ് മായാവതിയ്‌ക്കെതിരെ കോണ്‍ഗ്രസ്. മായാവതി നിസഹായയായ നേതാവാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

‘ഭയത്താലും സമ്മര്‍ദ്ദത്താലുമാണ് അവരില്‍ നിന്ന് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നത്. ഇതെല്ലാം ബി.ജെ.പിയെ സഹായിക്കുകയേ ഉള്ളൂ’, കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

നേരത്തെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. ബി.എസ്.പിയിലെ ആറ് എം.എല്‍.എമാരെ കോണ്‍ഗ്രസിലെത്തിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെയും മായാവതി രംഗത്തെത്തിയിരുന്നു.

ബി.എസ്.പി എം.എല്‍.എമാരെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ച ഗെലോട്ടിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഫോണ്‍ ചോര്‍ത്തിയത് നിയമവിരുദ്ധമാണെന്നും മായാവതി ട്വീറ്റ് ചെയ്തിരുന്നു.

സംസ്ഥാനത്തെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നേരത്തെ ഇവരുടെ കൂടെ പിന്തുണയിലായിരുന്നു കോണ്‍ഗ്രസ് ഭരിച്ചിരുന്നത്. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അടക്കമുള്ള ചില നേതാക്കള്‍ ഇടഞ്ഞതോടെയാണ് സര്‍ക്കാറിന്റെ നിലിനില്‍പ്പ് പ്രതിസന്ധിയിലായത്.

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ ബി.എസ്.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സി.പി ജോഷിക്കും മായാവതി കത്തയച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ ഭൂരിപക്ഷം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എം.എല്‍.എമാരെ കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെത്തിച്ചത്. ഇവരുടെ കൂറുമാറ്റം നിയമപോരാട്ടത്തിന് കാരണമായേക്കും.

200 സീറ്റുള്ള രാജസ്ഥാനില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. കോണ്‍ഗ്രസും ഘടക കക്ഷികളും 101 സീറ്റ് നേടിയപ്പോള്‍ ആറ് എം.എല്‍.എമാരുള്ള ബി.എസ്.പി കോണ്‍ഗ്രസിനെ പിന്തുണച്ചു.

ബി.ജെ.പിക്ക് 72 സീറ്റാണ് ഉള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here