gnn24x7

രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് കോണ്‍ഗ്രസ്; മലക്കം മറിഞ്ഞ് ബി.ജെ.പി.

0
236
gnn24x7

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസവോട്ടെടുപ്പിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ മലക്കം മറിഞ്ഞ് ബി.ജെ.പി.

സച്ചിന്‍ പൈലറ്റിന്റേയും സംഘത്തിന്റേയും ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഉടന്‍ നിയമസഭ വിളിച്ചുചേര്‍ക്കാനാകില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു.

ഗവര്‍ണര്‍ക്ക് നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള വിവേചനാധികാരമുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് പുറത്താക്കിയ ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബി.ജെ.പി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജസ്ഥാനില്‍ ജൂലൈ 22 ന് ശേഷം നിയമസഭ വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് അനുമതി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച ഗെലോട്ട് ഗവര്‍ണറെ കണ്ടിരുന്നു. തനിക്ക് 102 പേരുടെ പിന്തുണയുണ്ടെന്നും അറിയിച്ചിരുന്നു. ജൂലൈ 22 നാണ് സച്ചിന്‍ നല്‍കിയ ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.

ഇതിന് ശേഷം സഭ വിളിച്ചുചേര്‍ക്കാനാണ് കോണ്‍ഗ്രസ് നീക്കം.

200 സീറ്റുള്ള രാജസ്ഥാനില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ സച്ചിന്‍ പൈലറ്റും സംഘവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെ സര്‍ക്കാരിന് ഭീഷണിയായിരുന്നു.

18 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്.

അതേസമയം സംസ്ഥാനത്തെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. രണ്ട് ബി.ടി.പി എം.എല്‍.എമാരും സര്‍ക്കാര്‍ അനുകൂല നിലപാടുമായി രംഗത്തെത്തി.

ബി.ജെ.പിക്ക് 72 സീറ്റാണ് രാജസ്ഥാന്‍ നിയമസഭയില്‍ ഉള്ളത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here