ദുബായ്: ചുവന്ന ഗ്രഹത്തിലേയ്ക്കുള്ള നമ്മുടെ 493 ദശലക്ഷം കിലോ മീറ്റർ യാത്ര ഇവിടെ ആരംഭിക്കുന്നു–യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രതീക്ഷ തുടിക്കുന്ന വാക്കുകൾ കേട്ട് യുഎഇ കോരിത്തരിക്കുന്നു. അറബ് ലോകത്തെ ആദ്യത്തേതും യുഎഇയുടെ അഭിമാനവുമായ ചൊവ്വാ പര്യവേഷണപേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു കുതിച്ചുയർന്ന ശേഷം ഇതേക്കുറിച്ച് ലോകത്തോട് അത്യാഹ്ളാദത്തോടെ വിളിച്ചുപറയുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്.
‘അഭിമാനവും സന്തോഷവും’– അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതികരണം ഇതാണ്.‘നമ്മള്‍ ബഹിരാകാശത്ത് പുതിയൊരധ്യായം ആരംഭിച്ചിരിക്കുന്നു. യുഎഇയുടെ യുവതയാണ് ഇൗ നേട്ടത്തിന് പിന്നിൽ. ചരിത്രനേട്ടത്തിന് യുഎഇയെ അഭിന്ദിക്കുന്നു’– ദുബായ് കിരീടാവകാശിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ പ്രസിഡന്റുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു. അസാധ്യമായത് ഒന്നുമില്ല. ദൃഢമായ വിശ്വാസമുണ്ടെങ്കിൽ എന്തും നേടാനാകും.
യുഎഇ സമയം ഇന്ന് പുലർച്ചെ 1.58നായിരുന്നു പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ആകാശത്തേയ്ക്കുയർന്നത്. ചരിത്രത്തിലാദ്യമായി അറബിക് ഭാഷയിലെ കൗണ്ട് ഡൗൺ സവിശേഷതയായി. യുഎഇ ഭരണാധികാരികളും സ്വദേശികളും വിദേശികളും വിക്ഷേപണം ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കണ്ടു.
ചൊവ്വാ പര്യവേഷണ പേടകം വിജയകരമായി വിക്ഷേപിച്ചെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. നമ്മൾ ചൊവ്വയിലേയ്ക്ക് വിജയക്കുതിപ്പ് നടത്തുക തന്നെ ചെയ്യും. പേടകത്തിൽ നിന്നുള്ള ആദ്യ വിവരം പുലർച്ചെ 3.10ന് ലഭ്യമായതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രൊജക്ട് മാനേജർ ഒംറാൻ ഷറഫ് വിക്ഷേപണത്തിന് ശേഷം നടത്തിയ ആദ്യവാർത്താ സമ്മേളനത്തിൽ പറഞ്ഞു.