gnn24x7

സ്വര്‍ണക്കടത്ത് കേസ്; മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരേ ദുബായില്‍ തല്‍ക്കാലം കേസെടുക്കില്ല; അടുത്തയാഴ്ച ഇന്ത്യക്ക് കൈമാറും

0
210
gnn24x7

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരേ ദുബായില്‍ തല്‍ക്കാലം കേസെടുക്കില്ല. എന്‍.ഐ.എയുമായുള്ള ധാരണപ്രകാരമാണിത്. ദുബായ് സര്‍ക്കാരിന്റെ വ്യാജമുദ്ര സഹിതം ബാഗേജ് സീല്‍ ചെയ്തയച്ച കേസില്‍ ഫൈസലിനെ പ്രതിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍, ചോദ്യംചെയ്യല്‍ അനിവാര്യമായതിനാല്‍ ഉടന്‍ വിട്ടുകിട്ടണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെട്ടു. ഇതോടെയാണു ഫൈസലിനെ കൈമാറാന്‍ ധാരണയായത്.

ദുബായില്‍ കേസെടുത്താല്‍ വിചാരണയും ശിക്ഷയും കഴിഞ്ഞേ മറ്റൊരു രാജ്യത്തിനു വിട്ടുകൊടുക്കാനാകൂ. എന്നാല്‍, ഇന്ത്യയിലെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന സുപ്രധാന കേസായതിനാല്‍ ഇയാളെ ഉടന്‍ ചോദ്യംചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ നിയമനടപടി പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ വിട്ടുനല്‍കാമെന്നും വധശിക്ഷയുണ്ടാകില്ലെന്നുമുള്ള ഉറപ്പിലാണു ദുബായ് അധികൃതര്‍ െഫെസലിനെ ഇന്ത്യക്കു കൈമാറുന്നത്. കൈമാറ്റം അടുത്താഴ്ച ആദ്യമുണ്ടാകുമെന്നാണു സൂചന.

എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നീ ഏജന്‍സികളാണു ഫൈസലിനെ ചോദ്യംചെയ്യുക. ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ യു.എ.ഇ. വിസയും റദ്ദാക്കി. നാടുകടത്തല്‍ നടപടി സങ്കീര്‍ണമായതിനാല്‍ അനൗദ്യോഗികമായിട്ടാകും ഇന്ത്യയിലേക്കു വിമാനം കയറ്റുക. നിലവില്‍ െഫെസല്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ്. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ ദുബായില്‍നിന്നു സ്വര്‍ണം കയറ്റിയയച്ചതു ഫൈസലാണെന്നാണു മറ്റു പ്രതികളുടെ മൊഴി. കോണ്‍സുലേറ്റിലെ അറ്റാഷെയ്ക്കു സംഭവത്തില്‍ പങ്കുണ്ടെന്നും പ്രതികള്‍ ചോദ്യംചെയ്യലില്‍ ആവര്‍ത്തിച്ചു.

അറ്റാഷെയാണു ബാഗേജ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതെന്ന് ഒന്നാംപ്രതി പി.എസ്. സരിത്തും ബാഗേജില്‍ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നെന്നു രണ്ടാംപ്രതി സ്വപ്‌ന സുരേഷും മൊഴി നല്‍കി. ഇന്ത്യ വിട്ട അറ്റാഷെയുടെ മൊഴിയെടുക്കണമെന്നു ദുബായ് അധികൃതരോട് എന്‍.ഐ.എ. ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിലയ്ക്കു വാങ്ങിയ സ്വര്‍ണം ഇന്ത്യയിലേക്ക് അയച്ചതു ദുബായില്‍ വലിയ കുറ്റകൃത്യമല്ല. അതിനാല്‍, അറ്റാഷെയെ അവിടെ ചോദ്യംചെയ്യാന്‍ സാധ്യത കുറവാണ്.

െഫെസല്‍ ഫരീദിന്റെ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടില്‍ എന്‍.ഐ.എ. അറസ്റ്റ് വാറന്റ് പതിച്ചു. യു.എ.പി.എ. 16, 17, 18 വകുപ്പുകള്‍ പ്രകാരമാണ് എന്‍.ഐ.എ. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്‍.ഐ.എ. സംഘം നാട്ടുകാരില്‍നിന്നു െഫെസലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചാണു മടങ്ങിയത്. കഴിഞ്ഞയാഴ്ച കസ്റ്റംസ് െഫെസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അതേസമയം, കേസില്‍ സംശയനിഴലിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ജാമ്യത്തിനു സാധ്യതയാരാഞ്ഞ് അഭിഭാഷകരുമായി ചര്‍ച്ചനടത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here