തിരുവനന്തപുരം: കോവിഡ് ചികിത്സാ രംഗത്തുള്ള മുഴുവൻ ആരോഗ്യപ്രവർത്തകരുടേയും സംരക്ഷണം ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
എല്ലാവര്‍ക്കും പി.പി.ഇ. കിറ്റുകൾ ഉൾപ്പെടെയുള്ള സംരക്ഷണ ഉപകരണങ്ങൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡിഷ്യൻ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി.
മുഴുവൻ ആരോഗ്യപ്രവർത്തകർക്കും മെഡിക്കൽ ഇൻഷ്വറൻസ് കവറേജ് നൽകണമെന്ന ആവശ്യത്തിൽ കമ്മീഷൻ അധിക്യതരിൽ നിന്നും റിപ്പോർട്ട് തേടി.
ആരോഗ്യപ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറച്ച ആശുപത്രികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിലും കമ്മീഷൻ തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം ആവശ്യപ്പെട്ടു.
പ്രവാസി ലീഗൽ സെൽ സെക്രട്ടറി സജി മൂത്തേരിൽ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടർ, തൊഴിൽ വകുപ്പ് സെക്രട്ടറി, ഐ.എം എ എന്നിവർക്ക് നോട്ടീസയച്ചു. നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം.