വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാ ചിലവുകൾക്കായി 1.3 കോടി രൂപ വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയർലൈൻസ്. ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക.
യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി എമിറേറ്റ്‌സ് നൽകും. കൂടാതെ, ഇത്തരത്തിൽ രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീൻ ചെലവുകൾക്ക് നൽകാനും പുതിയസംവിധാനം ഏർപ്പെടുത്തി.
ഈസേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്‌സ് ഈടാക്കുന്നില്ല. എമിറേറ്റ്‌സ് ഉപയോക്താക്കൾക്ക് തീർത്തും സൗജന്യമായാണ് ഈ ചികിത്സാ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്നമല്ല. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. ഏതുരാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങൾ എയർലൈൻസ് നൽകും. ഉപഭോക്താക്കൾ ലക്ഷ്യസ്ഥാനത്തെത്തി അവിടെനിന്ന് മറ്റൊരുസ്ഥലത്തേക്ക് യാത്രചെയ്താലും ഈ സേവനം പ്രയോജനപ്പെടുത്താം. 
 
                






